റൊണാൾഡോയെ യുണൈറ്റഡ് വിൽക്കാൻ തീരുമാനിച്ചാൽ ബാഴ്സ കനിയേണ്ടി വരും : റിയോ ഫെർഡിനാന്റ്!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വിട പറയാനുള്ള ഒരുക്കത്തിലാണ്.ക്ലബ്ബ് വിടാനുള്ള താൽപര്യം താരം പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാൽ താരത്തെ വിൽക്കാൻ തയ്യാറാകുമോ എന്നുള്ള കാര്യത്തിൽ ഒരു വ്യക്തമായ പ്രതികരണം ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ലഭിച്ചിട്ടില്ല.

താരത്തെ നിലനിർത്താൻ തന്നെയാണ് യുണൈറ്റഡിന് പൊതുവേ താല്പര്യമുള്ളത്. പ്രത്യേകിച്ച് മുന്നേറ്റം നിരയിൽ മികവുറ്റ താരങ്ങളുടെ അഭാവം യുണൈറ്റഡിനെ നന്നായി അലട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാന്റ് ക്ലബ്ബിന് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റൊണാൾഡോയെ വിൽക്കാൻ തീരുമാനിച്ചാൽ ആ വിടവ് നികത്താൻ ലെവന്റോസ്ക്കിയെ കൊണ്ട് മാത്രമാണ് സാധിക്കുകയൊന്നും എന്നാൽ ബാഴ്സ അദ്ദേഹത്തിന്റെ കാര്യത്തിൽ പിന്മാറില്ല എന്നുമാണ് റിയോ ഫെർഡിനാന്റ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” റൊണാൾഡോയെ യുണൈറ്റഡ് വിൽക്കുമെന്ന് എനിക്ക് തോന്നുന്നില്ല.എനിക്ക് അതേക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല.കാരണം ഈ സാഹചര്യം ഒന്ന് നോക്കൂ.റൊണാൾഡോയെ നഷ്ടമായി കഴിഞ്ഞാൽ ഇനി യുണൈറ്റഡിന് ആരുണ്ട്? ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരുന്ന ഹാലണ്ടിനെയും നുനസിനെയും നഷ്ടമായി കഴിഞ്ഞു.ഇനി ഗോളുകൾ കൊണ്ട് റൊണാൾഡോയുടെ വിടവ് നികത്താൻ കെൽപ്പുള്ള ഒരേയൊരു താരം ലെവന്റോസ്ക്കി മാത്രമാണ്. റൊണാൾഡോ യുണൈറ്റഡ് വിട്ടാൽ ക്ലബ്ബ് ലെവന്റോസ്ക്കിക്ക് വേണ്ടി ശ്രമിച്ചേക്കും. പക്ഷേ ലെവന്റോസ്ക്കി ബാഴ്സയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. ബാഴ്സ അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരിക്കലും പിന്മാറില്ല. റൊണാൾഡോ യുണൈറ്റഡ് വിടുകയാണെങ്കിൽ ഇരുപതോ ഇരുപത്തിയഞ്ചോ ഗോളുകൾ ഒരു സീസണിൽ നേടുന്ന താരത്തെ യുണൈറ്റഡിന് നിർബന്ധമായി വരും ” ഇതാണ് റിയോ ഫെർഡിനാന്റ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ ആകെ 24 ഗോളുകളായിരുന്നു റൊണാൾഡോ യുണൈറ്റഡിന് വേണ്ടി നേടിയത്. അതേസമയം ബയേണിന് വേണ്ടി 50 ഗോളുകൾ പൂർത്തിയാക്കാൻ ലെവന്റോസ്ക്കിക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *