റൊണാൾഡോയെ മാഴ്സെയിലേക്ക് ക്ഷണിച്ച് മുൻതാരം,പോവണമെന്ന് സമീർ നസ്രിയും!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മത്സരത്തിൽ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ ഇടം നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല. മത്സരശേഷം ഓൾഡ് ട്രഫോഡിന് നന്ദി പറഞ്ഞുകൊണ്ട് റൊണാൾഡോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു.
ഏതായാലും ലീഗ് വൺ വമ്പൻമാരായ ഒളിമ്പിക് മാഴ്സെയിലേക്ക് റൊണാൾഡോ വരണമെന്നുള്ള ക്യാമ്പയിൻ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്.ഒളിമ്പിക് മാഴ്സെയുടെ മുൻ താരങ്ങളാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്
മുൻ മാഴ്സെ താരമായ ഡിബ്രിൽ സീസ്സെയുടെ ട്വീറ്റ് ഇങ്ങനെയാണ്. ” ക്രിസ്റ്റ്യാനോ,എന്റെ സുഹൃത്തേ, ഇങ്ങോട്ട് വരൂ, നിന്നെ ഞാൻ നോക്കിക്കോളാം ” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
അതേസമയം മറ്റൊരു മുൻ താരമായ എറിക്ക് ഡി മെക്കോയും ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
💬 "Cristiano, viens mon ami. Je prendrai soin de toi. #RonaldOM"https://t.co/R4nuNyPHUM
— RMC Sport (@RMCsport) August 24, 2022
” റൊണാൾഡോക്ക് വേണ്ടി മാഴ്സെ ശ്രമിച്ചിട്ടില്ലെങ്കിൽ അത് പൊറുക്കാനാവാത്ത ഒന്നാണ്. ആരാധകരെ ത്രസിപ്പിക്കാൻ വേണ്ടിയെങ്കിലും റൊണാൾഡോക്ക് വേണ്ടി മാഴ്സെ ശ്രമിക്കണം. റൊണാൾഡോയെ എത്തിക്കാൻ നിലവിൽ സാമ്പത്തികപരമായി വലിയ ചിലവൊന്നുമില്ല. അദ്ദേഹത്തെ എത്തിക്കാൻ കഴിഞ്ഞാൽ ക്ലബ്ബിന്റെ ബിസിനസ് വളർത്താനും കഴിയും ” ഇതായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
അതേസമയം മുൻ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരാമായിരുന്ന സമീർ നസ്രി ഇതേ കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.” റൊണാൾഡോയുടെ കാര്യത്തിൽ എനിക്ക് ഒരു പരിഹാരമുണ്ട്. അദ്ദേഹം യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചുകൊണ്ട് മാഴ്സെയിലേക്ക് വരണം.അങ്ങനെയാണ് എന്നുണ്ടെങ്കിൽ അദ്ദേഹത്തിന് യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിക്കും.റൊണാൾഡോയും അലക്സിസ് സാഞ്ചസും ചേർന്ന മുന്നേറ്റ നിര മാഴ്സെക്ക് ഒരുപാട് ഗുണങ്ങൾ ചെയ്യും ” ഇതായിരുന്നു നസ്രി പറഞ്ഞിരുന്നത്.
ചിലിയൻ സൂപ്പർ താരമായ സാഞ്ചസ് നിലവിൽ മാഴ്സെ താരമാണ്. എന്നാൽ റൊണാൾഡോ മാഴ്സെയിലേക്ക് എത്താൻ സാധ്യത കുറവാണ് എന്നാണ് പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് കണ്ടെത്തിയിരിക്കുന്നത്.