റൊണാൾഡോയെ ടെൻ ഹാഗ് പുറത്താക്കിയ സംഭവം, പ്രതികരിച്ച് ചെൽസി പരിശീലകൻ!

ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന പതിമൂന്നാം റൗണ്ട് പോരാട്ടത്തിൽ ഒരു തകർപ്പൻ മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്. വമ്പൻമാരായ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലാണ് ഇന്ന് മാറ്റുരക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 10 മണിക്ക് ചെൽസിയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുന്നത്.

കഴിഞ്ഞ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ചിരുന്നു. മാത്രമല്ല കളി അവസാനിക്കുന്നതിനു മുന്നേ അദ്ദേഹം മൈതാനം വിടുകയും ചെയ്തിരുന്നു. എന്നാൽ യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് ഈ വിഷയത്തിൽ നടപടി എടുത്തിരുന്നു.റൊണാൾഡോയെ ഈ മത്സരത്തിനുള്ള ടീമിൽ നിന്നും അദ്ദേഹം പുറത്താക്കുകയായിരുന്നു.

ഈ വിഷയത്തിൽ ഇപ്പോൾ ചെൽസി പരിശീലകനായ ഗ്രാഹാം പോട്ടർ തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്.അതായത് ചില സമയങ്ങളിൽ പരിശീലകർക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പോട്ടറുടെ വാക്കുകൾ ഇങ്ങനെയാണ്.

” സത്യം പറഞ്ഞാൽ ആ വിഷയത്തിൽ നമുക്ക് അഭിപ്രായം പറയാൻ സാധിക്കില്ല. കാരണം ആരൊക്കെയാണ് അകത്തുള്ളത്, ആരൊക്കെയാണ് പുറത്തുള്ളത് എന്ന് നമുക്കറിയില്ലല്ലോ. പക്ഷേ ടെൻ ഹാഗ് അദ്ദേഹത്തിന്റെ നിലപാട് കൈക്കൊണ്ടു.തീർച്ചയായും ക്ലബ്ബിന്റെ പിന്തുണയും പുറത്തുനിന്നുള്ള പിന്തുണയും അത്തരം കാര്യങ്ങളിൽ ആവശ്യമാണ്.ചില തീരുമാനങ്ങൾ എടുക്കുക എന്നുള്ളത് ഈ ജോലിയുടെ ഭാഗമാണ്. അത് ബുദ്ധിമുട്ടുള്ള ഒരു കാര്യവുമായിരിക്കും.പക്ഷേ അത് സ്വാഭാവികമാണ്.ഇനി ഈ വിഷയത്തിൽ എനിക്ക് കൂടുതൽ സംസാരിക്കാൻ കഴിയില്ല.ഏതെങ്കിലും തലക്കെട്ടിന്റെ ഭാഗമാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ” ഇതായിരുന്നു ചെൽസി പരിശീലകൻ പറഞ്ഞത്.

കഴിഞ്ഞ ദിവസം റൊണാൾഡോ തനിച്ചാണ് പരിശീലനം നടത്തിയിട്ടുള്ളത്.യൂറോപ ലീഗിൽ ഷെറിഫിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *