റൊണാൾഡോയെ ജനുവരിയിൽ പറഞ്ഞുവിടാൻ യുണൈറ്റഡ്, ചിലവഴിക്കേണ്ടി വരിക ഈ തുക!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് തമ്മിലുള്ള ബന്ധം തകർന്നിരിക്കുന്ന ഒരു അവസ്ഥയിലാണ് നിലവിലുള്ളത്.ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ പകരക്കാരനായി ഇറങ്ങാൻ റൊണാൾഡോ വിസമ്മതിച്ചിരുന്നു.മാത്രമല്ല മത്സരം അവസാനിക്കുന്നതിനു മുന്നേ അദ്ദേഹം കളം വിടുകയും ചെയ്തിരുന്നു.എന്നാൽ റൊണാൾഡോക്കെതിരെ നടപടിയെടുത്ത ടെൻ ഹാഗ് അദ്ദേഹത്തെ സ്‌ക്വാഡിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

മാത്രമല്ല ഈ സീസണിൽ വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് ടെൻ ഹാഗ് റൊണാൾഡോക്ക് നൽകിയിട്ടുള്ളത്. ഈ വിഷയത്തിൽ റൊണാൾഡോ കടുത്ത അസംതൃപ്തനുമാണ്. ഇതുകൊണ്ടൊക്കെ തന്നെയും വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ റൊണാൾഡോയെ പറഞ്ഞു വിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. പ്രമുഖ മാധ്യമമായ TYC സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

റൊണാൾഡോയുടെ കരാർ ടെർമിനേറ്റ് ചെയ്യാനാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആലോചിക്കുന്നത്. അങ്ങനെ കരാർ ഉപേക്ഷിക്കണമെങ്കിൽ റൊണാൾഡോക്ക് യുണൈറ്റഡ് നഷ്ടപരിഹാരം നൽകേണ്ടിവരും. അതായത് ജനുവരി മുതൽ ജൂലൈ വരെയുള്ള അദ്ദേഹത്തിന്റെ സാലറി യുണൈറ്റഡ് നൽകേണ്ടിവരും.ഈ തുകയായ 11 മില്യൺ യൂറോ നൽകിക്കൊണ്ട് അദ്ദേഹത്തെ ഫ്രീ ഏജന്റാക്കാനാണ് ഇപ്പോൾ യുണൈറ്റഡ് ആലോചിക്കുന്നത്.

ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹത്തെ വിൽക്കൽ സാധ്യമാവില്ല എന്നാണ് യുണൈറ്റഡ് കണക്ക് കൂട്ടുന്നത്.ഫ്രീ ഏജന്റായി കഴിഞ്ഞാൽ റൊണാൾഡോക്ക് ക്ലബ്ബിന്റെ അനുമതിക്ക് കാത്തുനിൽക്കാതെ ഇഷ്ടമുള്ള ടീമിലേക്ക് ചേക്കേറാൻ സാധിക്കും.എന്നാൽ അനുയോജ്യമായ ഒരു ക്ലബ്ബ് സീസണിന്റെ മധ്യത്തിൽ കണ്ടെത്തുക എന്നുള്ളത് തന്നെയായിരിക്കും റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി.ഏതായാലും താരത്തിന്റെ ഭാവി എന്താകുമെന്ന് കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *