റൊണാൾഡോയെ കൈവിടേണ്ട,കാരണം അദ്ദേഹത്തിന് പകരക്കാരില്ല : യുണൈറ്റഡിനോട് ആംബ്രോസ്!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഈ ട്രാൻസ്ഫർ ജാലകത്തിലെ പ്രധാനപ്പെട്ട ചർച്ചാവിഷയം.റൊണാൾഡോ അടുത്ത സീസണിൽ എവിടെ കളിക്കുമെന്നുള്ള കാര്യത്തിൽ ഇതുവരെ ഒരു തീരുമാനമായിട്ടില്ല. റൊണാൾഡോ യുണൈറ്റഡിൽ തുടരാൻ സാധ്യത കുറവാണെന്നും അദ്ദേഹം മാനസികമായി യുണൈറ്റഡ് വിട്ടുകഴിഞ്ഞെന്നും പ്രമുഖ നിരീക്ഷകനായ പിയേഴ്‌സ് മോർഗൻ അറിയിച്ചിരുന്നു.

ഇപ്പോഴിതാ മുൻ താരമായിരുന്ന ഡാരൻ ആംബ്രോസ് ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബ് വിട്ടുപോകാൻ അനുവദിക്കരുതെന്നും എന്തെന്നാൽ അദ്ദേഹത്തിനൊത്ത പകരക്കാരനെ ഇനി യുണൈറ്റഡിന് കണ്ടെത്താൻ കഴിയില്ല എന്നുമാണ് ആംബ്രോസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ടോക്ക്സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.പക്ഷേ പിയേഴ്സ് മോർഗൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ റൊണാൾഡോ യുണൈറ്റഡ് വിടാൻ തന്നെയാണ് സാധ്യത കാണുന്നത്. യുണൈറ്റഡ് അദ്ദേഹത്തെ കൈവിടാൻ പാടില്ല. എന്തെന്നാൽ റൊണാൾഡോ ക്ലബ്ബ് വിട്ടാൽ ഒരു പകരക്കാരനെ യുണൈറ്റഡിന് ആവശ്യമായി വരും. നിലവിൽ റൊണാൾഡോക്ക് പകരം വെക്കാവുന്ന ഒരു താരം ട്രാൻസ്ഫർ മാർക്കറ്റിൽ ഇല്ല എന്നാണ് ഞാൻ കരുതുന്നത്.ആന്റണിയെ പറ്റിയുള്ള സംസാരങ്ങളുണ്ട്,സാഞ്ചോയും റാഷ്ഫോർഡും മാർഷ്യലുമുണ്ട്. പക്ഷേ അവർക്കൊന്നും സെന്റർ ഫോർവേഡായി കൊണ്ട് റൊണാൾഡോ ചെയ്തതുപോലെ ചെയ്യാൻ സാധിക്കില്ല ” ഇതാണ് ആംബ്രോസ് പറഞ്ഞിട്ടുള്ളത്.

ഈ ട്രാൻസ്ഫർ ജാലകത്തിൽ തന്നെയായിരുന്നു സൂപ്പർ താരം കവാനി ക്ലബ്ബ് വിട്ടത്. നിലവിൽ യുണൈറ്റഡ് ഒരു സെന്റർ സ്ട്രൈക്കറുടെ ക്ഷാമം അനുഭവിക്കുന്നുണ്ട് എന്നുള്ളത് യാഥാർത്ഥ്യമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *