റൊണാൾഡോയുടെ സ്ഥാനത്തേക്ക് ലാലിഗയിൽ നിന്നും ബ്രസീലിയൻ സൂപ്പർതാരത്തെ എത്തിക്കാൻ യുണൈറ്റഡ്!

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ഒരു സ്ട്രൈക്കറെ അവർക്ക് അത്യാവശ്യമാണ്. നിലവിൽ റൊണാൾഡോ ലഭ്യമാണെങ്കിലും അദ്ദേഹം ക്ലബ്ബിൽ തുടരുമോ എന്നുള്ള കാര്യത്തിൽ യാതൊരുവിധ ഉറപ്പുകളുമില്ല. അതുകൊണ്ടുതന്നെ ഒരു യുവ സ്ട്രൈക്കർക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിലവിൽ എറിക്ക് ടെൻ ഹാഗ്.

പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർതാരമായ മൗറോ ഇക്കാർഡിയെ യുണൈറ്റഡ് നോക്കുന്നുണ്ടെങ്കിലും പ്രഥമ പരിഗണന നൽകുന്നില്ല. മറിച്ച് അത്ലറ്റിക്കോ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ മാത്യൂസ് കുഞ്ഞയെയാണ് യുണൈറ്റഡ് നോട്ടമിട്ടിട്ടുള്ളത്. പ്രമുഖ മാധ്യമമായ ESPN ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നിലവിൽ അത്ലറ്റിക്കോയുടെ പരിശീലകനായ ഡിയഗോ സിമയോണിക്ക് മുന്നേറ്റ നിരയിൽ നിരവധി താരങ്ങളെ ലഭ്യമാണ്.മൊറാറ്റ,ഫെലിക്സ്,ഗ്രീസ്മാൻ,കൊറേയ എന്നിവരൊക്കെ അത്ലറ്റിക്കോയിൽ ഉണ്ട്. അതുകൊണ്ടുതന്നെ കുഞ്ഞക്ക് അവസരങ്ങൾ കുറവാണ്. കൂടുതൽ അവസരങ്ങൾക്ക് വേണ്ടി അദ്ദേഹം ക്ലബ് വിടാനുള്ള ഒരുക്കത്തിലുമാണ്.

അതേസമയം അത്ലറ്റിക്കോക്ക് തങ്ങളുടെ സാലറി ബിൽ കുറയ്ക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ കുഞ്ഞയെ കൈവിടാൻ ക്ലബ്ബും തയ്യാറാണ്.40 മില്യൺ യൂറോക്കും 50 മില്യൺ യുറോക്കും ഇടയിലുള്ള ഒരു തുക താരത്തിനു വേണ്ടി യുണൈറ്റഡ് ചിലവഴിക്കേണ്ടി വന്നേക്കും.

കഴിഞ്ഞ വർഷം ഹെർത്ത ബെർലിനിൽ നിന്നായിരുന്നു താരം ലാലിഗയിൽ എത്തിയത്.30 മില്യൺ യുറോയായിരുന്നു താരത്തിന് വേണ്ടി അത്‌ലറ്റിക്കോ ചിലവഴിച്ചിരുന്നത്.29 മത്സരങ്ങളാണ് കഴിഞ്ഞ സീസണിൽ താരത്തിന് അത്ലറ്റിക്കോക്ക് വേണ്ടി കളിക്കാൻ സാധിച്ചിട്ടുള്ളത്.6 ഗോളും നാല് അസിസ്റ്റും കരസ്ഥമാക്കി. ബ്രസീലിനു വേണ്ടി 7 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *