റൊണാൾഡോയുടെ അഭാവത്തിലും ശക്തമായ മുന്നേറ്റനിരയുമായി ടെൻ ഹാഗ്!

എറിക് ടെൻ ഹാഗിന് കീഴിലുള്ള ആദ്യ പ്രീ സീസൺ സൗഹൃദ മത്സരത്തിൽ മിന്നുന്ന വിജയം നേടാൻ യുണൈറ്റഡിന് സാധിച്ചിരുന്നു.എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് ലിവർപൂളിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ സാഞ്ചോ,മാർഷ്യൽ,ഫ്രഡ്‌,പെല്ലിസ്ട്രി എന്നിവരായിരുന്നു യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്.

ഈ മത്സരത്തിന് ശേഷം താൻ ഹാപ്പിയാണ് എന്നുള്ള കാര്യം പരിശീലകനായ ടെൻ ഹാഗ് അറിയിച്ചിരുന്നു. പക്ഷേ താൻ ഒരുപാട് മിസ്റ്റെക്കുകൾ കണ്ടെന്നും അതെല്ലാം പരിഹരിക്കേണ്ടതുണ്ടെന്നും ടെൻ ഹാഗ് കൂട്ടിച്ചേർത്തിരുന്നു.

ഏതായാലും ഈ മത്സരത്തെ കുറിച്ചുള്ള ഒരു വിശകലനം മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് നടത്തിയിട്ടുണ്ട്. അതായത് റൊണാൾഡോയുടെ അഭാവത്തിലും മുന്നേറ്റ നിര ടെൻ ഹാഗിന് കീഴിൽ മികച്ച പ്രകടനം നടത്തി എന്നാണ് ഇവരുടെ കണ്ടെത്തൽ.സാഞ്ചോ,റാഷ്ഫോർഡ്,മാർഷ്യൽ എന്നിവരടങ്ങുന്ന മുന്നേറ്റ നിര മികച്ച ഒത്തിണക്കം കാണിച്ചു എന്നാണ് ഇവർ വിലയിരുത്തിയിട്ടുള്ളത്.

യുണൈറ്റഡിൽ റൊണാൾഡോ ഒരു ഗോൾ സ്കോറിങ് സ്ട്രൈക്കറാണ്,അദ്ദേഹത്തെ ലക്ഷ്യമിട്ട് മാത്രമായിരിക്കും മറ്റുള്ള താരങ്ങൾ കളിക്കുക.റൊണാൾഡോ അവസരങ്ങൾ ഉണ്ടാക്കുന്നത് താരതമ്യേന കുറവാണ്. എന്നാൽ റൊണാൾഡോയുടെ അഭാവത്തിൽ ഈ മുന്നേറ്റ നിര കൂടുതൽ ഒഴുക്കോടെ കളിച്ചെന്നും ഗോളുകൾ നേടിയെന്നും മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് വിലയിരുത്തിയിട്ടുണ്ട്.

ഏതായാലും റൊണാൾഡോ അടുത്ത സീസണിൽ യുണൈറ്റഡിൽ ഉണ്ടായാലും ഇല്ലെങ്കിലും ടെൻ ഹാഗ് മികച്ച ഒരു മുന്നേറ്റ നിരയെ ഉണ്ടാക്കി എടുക്കുമെന്നുള്ള പ്രതീക്ഷയാണ് ഇവർ പങ്കുവെക്കുന്നത്.കൂടാതെ ആന്റണിയെ കൂടി എത്തിക്കാൻ കഴിഞ്ഞാൽ അതൊരു വലിയ മുതൽക്കൂട്ടാകുമെന്നും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്.

ഇനി യുണൈറ്റഡ് അടുത്ത സൗഹൃദമത്സരം ഓസ്ട്രേലിയയിൽ വെച്ചാണ് കളിക്കുക. മെൽബൺ വിക്ടറിയാണ് യുണൈറ്റഡിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *