റെക്കോർഡുകൾ വാരികൂട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ!

റെക്കോർഡ് പുസ്തകത്തിൽ പുതിയ റെക്കോർഡുകൾ എഴുതിച്ചേർക്കുന്ന ശീലം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ മറന്നിട്ടില്ല. ഇന്നലെ നടന്ന മത്സരത്തിൽ ലാസിയോയെ യുവന്റസ് തകർത്തപ്പോൾ ആ രണ്ട് ഗോളുകളും പിറന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടിൽ നിന്ന്. ഫലമോ, പിറവി കൊണ്ടത് ഒട്ടനവധി റെക്കോർഡുകൾ. ഇന്നലത്തെ മത്സരത്തിലെ ഗോളുകൾ കൊണ്ട് മാത്രം മൂന്നിലധികം പ്രധാനനേട്ടങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം പേരിൽ എഴുതിചേർത്തത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാലിഗ, സിരി എ എന്നീ മൂന്ന് ലീഗുകളിൽ അൻപത് ഗോളുകൾ നേടുന്ന ഫുട്ബോൾ ചരിത്രത്തിലെ ആദ്യതാരം ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. കേവലം രണ്ട് സീസണുകൾ കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൻപത് ഗോളുകൾ സിരി എയിൽ അടിച്ചു കൂട്ടിയത്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ മൂന്നെണ്ണത്തിൽ അൻപത് ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമാവാനും ക്രിസ്റ്റ്യാനോക്ക് കഴിഞ്ഞു. മുൻപ് എഡിൻ സെക്കോ ആയിരുന്നു ഈ നേട്ടം കൈവരിച്ചിരുന്നത്. അദ്ദേഹം ഇപിഎൽ, സിരി എ, ബുണ്ടസ്ലിഗ എന്നീ ലീഗുകളിൽ ആയിരുന്നു അൻപത് ഗോളുകൾ തികച്ചിരുന്നത്. മാഞ്ചസ്റ്റർ സിറ്റി, വോൾഫ്സ്ബർഗ്, റോമ എന്നീ ക്ലബുകൾക്ക് വേണ്ടിയായിരുന്നു അത്. അതിന് ശേഷം മൂന്ന് ടോപ് ഫൈവ് ലീഗുകളിൽ അൻപത് ഗോളുകൾ തികയ്ക്കാൻ കഴിഞ്ഞത് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മാത്രമാണ്.

ഇനി മറ്റൊരു റെക്കോർഡ് എന്നുള്ളത് സിരി എയിൽ ഏറ്റവും വേഗത്തിൽ അൻപത് ഗോളുകൾ തികക്കുന്ന താരം എന്നുള്ളതാണ്. കേവലം 61 മത്സരങ്ങളിൽ നിന്നാണ് താരം അൻപത് ഗോളുകൾ നേടിയത്. ഇതിന് മുൻപ് ലീഗിൽ ഏറ്റവും വേഗത്തിൽ അൻപത് ഗോളുകൾ നേടിയിരുന്നത് ആൻഡ്രി ഷെവ്ച്ചെങ്കോ ആയിരുന്നു. എസി മിലാന്റെ താരമായിരുന്ന ഇദ്ദേഹം 68 മത്സരങ്ങളിൽ നിന്നായിരുന്നു 50 ഗോളുകൾ നേടിയിരുന്നത്. ഇതാണിപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ തകർത്തത്. യുവന്റസിന് വേണ്ടി ഏറ്റവും വേഗത്തിൽ അൻപത് ഗോളുകൾ തികച്ചത് ഡേവിഡ് ട്രിസ്ഗട്ട് ആയിരുന്നു. 78 മത്സരങ്ങളിൽ നിന്നായിരുന്നു ഇത്. ഇതും ക്രിസ്റ്റ്യാനോ തന്റെ പേരിലേക്ക് ആക്കി. ഒരു സീസണിൽ യുവന്റസിന് വേണ്ടി മുപ്പത് ലീഗ് ഗോളുകൾ നേടുന്ന മൂന്നാമത്തെ താരമാവാനും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞു. ഇതിന് മുൻപ് ഫെലിസെ ബോറാൽ, ജോൺ ഹാൻസെൻ എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 21 സിരി എ ക്ലബുകളെ നേരിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി ഗോൾ നേടാൻ ബാക്കിയുള്ളത് ചീവോക്കെതിരെ മാത്രമാണ്. 1952-ന് ശേഷം ഇതാദ്യമായാണ് ഒരു യുവന്റസ് താരം മുപ്പത് ലീഗ് ഗോളുകൾ നേടുന്നത്. ഇങ്ങനെ ഒട്ടനവധി റെക്കോർഡുകൾ ആണ് ക്രിസ്റ്റ്യാനോ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *