റിച്ചാർലീസണിന്റെ ബൂട്ടും കിറ്റും അണ്ടർ 18 ഡ്രസിങ് കൊണ്ടിടുകയാണ് വേണ്ടത് : വിമർശിച്ച് അഗ്ബൻലഹോർ

കഴിഞ്ഞ ദിവസമായിരുന്നു ടോട്ടൻഹാമിന്റെ ബ്രസീലിയൻ സൂപ്പർതാരമായ റിച്ചാർലീസൺ അവരുടെ പരിശീലകനായ അന്റോണിയോ കോന്റെക്കെതിരെ പരസ്യമായ വിമർശനങ്ങൾ ഉന്നയിച്ചത്. തന്നെ ബെഞ്ചിൽ ഇരുത്തിയതിനെതിരെയായിരുന്നു ഈ ബ്രസീലിയൻ താരം വിമർശനങ്ങൾ അഴിച്ചുവിട്ടത്.ഇതൊരു നശിച്ച സീസൺ ആണെന്നും തന്നെ വിഡ്ഢിയാക്കാൻ കഴിയില്ല എന്നുമായിരുന്നു റിച്ചാർലീസൺ പറഞ്ഞിരുന്നത്.യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിന്നാലെയായിരുന്നു റിച്ചാർലീസൺ ഈ വിമർശനങ്ങൾ നടത്തിയത്.

എന്നാൽ ഈ താരത്തിനെതിരെ ഇംഗ്ലീഷ് താരമായിരുന്ന ഗാബ്ബി അഗ്ബൻലഹോർ രൂക്ഷ വിമർശനങ്ങൾ അഴിച്ചു വിട്ടിട്ടുണ്ട്.കോച്ച് റിച്ചാർലീസണിന്റെ ബൂട്ടും കിറ്റും അണ്ടർ 18 ടീമിന്റെ ഡ്രസ്സിങ് റൂമിൽ കൊണ്ടിടുകയാണ് വേണ്ടത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.റിച്ചാർലീസണെ ടീമിൽ നിന്നും പുറത്താക്കണം എന്നാണ് ഇദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളത്.ഗാബിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” 60 മില്യൺ പൗണ്ടാണ് റിച്ചാർലീസണ് വേണ്ടി ക്ലബ്ബ് ചിലവഴിച്ചത്.എന്നിട്ട് പ്രീമിയർ ലീഗിൽ നേടിയത് 0 ഗോളുകളും പൂജ്യം അസിസ്റ്റുകളും. മാത്രമല്ല മൈതാനത്ത് വെറുതെ കിടന്ന് ഉരുളുകയും ചെയ്യും. താൻ മികച്ച പ്രകടനം നടത്തിയിട്ടും തന്നെ പരിശീലകൻ പുറത്തിരുത്തി എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഒരൊറ്റ ഗോൾ പോലും സാധിക്കാത്തതാണോ മികച്ച പ്രകടനം? ഗോളുകളും അസിസ്റ്റുകളും ഒക്കെ നേടിയിട്ട് അവസരം നൽകാതിരിക്കുകയാണെങ്കിൽ ഇതിൽ എന്തെങ്കിലുമൊക്കെ ന്യായം ഉണ്ട് എന്ന് കരുതാം.ഞാനാണ് കോന്റെയുടെ സ്ഥാനത്ത് എങ്കിൽ റിച്ചാർലീസണിന്റെ ബൂട്ടും കിറ്റും അണ്ടർ 18 ടീമിന്റെ ഡ്രസ്സിംഗ് റൂമിൽ ഉണ്ടാവുമായിരുന്നു ” അഗ്ബൻലഹോർ പറഞ്ഞു.

ഈ സീസണിൽ ആകെ 25 മത്സരങ്ങൾ കളിച്ച ഈ ബ്രസീലിയൻ താരം രണ്ട് ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരൊറ്റ ഗോൾ പോലും നേടാൻ ഈ താരത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *