റാൾഫിന്റെ വരവ്, യുണൈറ്റഡിലെ വിന്നർമാരും ലൂസർമാരും ഇവർ!

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഇടക്കാല പരിശീലകനായി റാൾഫ് റാൻഗ്നിക്കിനെ ഔദ്യോഗികമായി നിയോഗിച്ചെങ്കിലും കഴിഞ്ഞ ആഴ്സണലിനെതിരെയുള്ള മത്സരത്തിൽ പരിശീലിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. വർക്ക്‌ പെർമിഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു കാരണം. ഏതായാലും അടുത്ത മത്സരത്തിൽ റാൾഫ് ഉണ്ടാവുമെന്നുറപ്പാണ്.

അതേസമയം റാൾഫിന്റെ വരവ് അനുകൂലമായും പ്രതികൂലമായും ബാധിക്കുന്ന ചില താരങ്ങൾ യുണൈറ്റഡിലുണ്ട്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഇവരെ വിന്നേഴ്സ്, ലൂസേഴ്സ് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ആദ്യം നമുക്ക് വിന്നേഴ്സ് ആരൊക്കെയാണ് എന്ന് പരിശോധിക്കാം.

1-ജേഡൻ സാഞ്ചോ

ഈ സീസണിൽ യുണൈറ്റഡിൽ എത്തിയ സാഞ്ചോക്ക് നല്ല തുടക്കമല്ല ലഭിച്ചിരുന്നത്. എന്നാൽ അവസാന കുറച്ചു മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച സാഞ്ചോ രണ്ട് ഗോളുകളും യുണൈറ്റഡിനായി നേടിയിരുന്നു. യുവത്വം തുളുമ്പുന്ന, വേഗതയാർന്ന സാഞ്ചോക്ക് റാൾഫിന്റെ വരവ് ഗുണകരമാവും. അദ്ദേഹത്തിന്റെ ഹൈ എനർജി ശൈലിക്ക് യോജിച്ച താരമാണ് സാഞ്ചോ.

2-ഡോണി വാൻ ഡി ബീക്ക്

സോൾഷെയർ എപ്പോഴും കണ്ടില്ലെന്ന് നടിച്ച ഒരു താരമായിരുന്നു ഡോണി വാൻ ഡി ബീക്ക്. പരിശീലനങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോഴും സോൾഷെയർ താരത്തെ പരിഗണിച്ചിരുന്നില്ല. എന്നാൽ റാൾഫ് ഡോണിയെ കൃത്യമായി ഉപയോഗപ്പെടുത്തും എന്നാണ് കണക്കു കൂട്ടലുകൾ.

ഇനി ലൂസേഴ്സിനെ പരിശോധിക്കാം.

1- ക്രിസ്റ്റ്യാനോ റൊണാൾഡോ

റൊണാൾഡോ ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി തകർപ്പൻ ഫോമിലാണ് കളിക്കുന്നത് എന്നുള്ളത് ഒരു യാഥാർഥ്യമാണ്. പക്ഷെ റാൾഫിന്റെ വരവ് അദ്ദേഹത്തിന് അത്ര ഗുണകരമാവില്ല. റാൾഫിന്റെ ഗഗൻ പ്രസിങിനും ഹൈ എനർജി ശൈലിക്കും പറ്റിയ ഒരാളല്ല ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്തെന്നാൽ അദ്ദേഹത്തിന്റെ പ്രായം തന്നെ പ്രശ്നം. റാൾഫിന്റെ കീഴിൽ റൊണാൾഡോ ഡിഫൻസീവ്ലിയും തിളങ്ങേണ്ടി വരുമെന്നുറപ്പാണ്.

2-ആരോൺ വാൻ ബിസാക്ക

യുണൈറ്റഡിന്റെ റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം ഡിഫന്റിങ്ങിൽ മോശമല്ലാത്ത രൂപത്തിൽ കളിക്കുന്നുണ്ട്. എന്നാൽ അറ്റാക്കിങ്ങിൽ കോൺട്രിബൂഷൻ കുറവാണ്. ഇത് റാൾഫിനു കീഴിൽ തിരിച്ചടിയാവാൻ സാധ്യതയുണ്ട്.

ഏതായാലും ഏത് രൂപത്തിലുള്ള മാറ്റങ്ങളായിരിക്കും റാൾഫ് റാൻഗ്നിക്ക് നടത്തുക എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *