റയൽ വിടാൻ ജെയിംസ് റോഡ്രിഗസ്, പിന്നാലെ പ്രീമിയർ ലീഗ് വമ്പൻമാർ

കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു റയൽ മാഡ്രിഡിന്റെ കൊളംബിയൻ സൂപ്പർ താരം ജെയിംസ് റോഡ്രിഗസ് റയലിനോടും പരിശീലകൻ സിദാനോടുമുള്ള അതൃപ്തി വെളിപ്പെടുത്തിയിരുന്നത്. ഈ സീസണിൽ തന്നെ വേണ്ടവിധം പരിഗണിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിന് സിദാൻ മറുപടിയും നൽകിയിരുന്നു. കാര്യങ്ങൾ ഇത്പോലെ തന്നെ തുടർന്നുപോവുമെന്നായിരുന്നു സിദാന്റെ പ്രതികരണം. ഇതിന് പിന്നാലെ താരം ക്ലബ്‌ വിടാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായാണ് വാർത്തകൾ. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് കൂടുമാറാനാണ് ജെയിംസ് താല്പര്യപ്പെടുന്നത് ഇതോടെ താരത്തിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലും രംഗത്ത് വന്നതായാണ് റിപ്പോർട്ടുകൾ. ഇതിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്ന്കൂടെ ശക്തമായ രീതിയിൽ രംഗത്തുണ്ട്.

ഇരുടീമുകളും താരത്തിന് വേണ്ടി ഉടൻ ബിഡ് സമർപ്പിച്ചേക്കും. 22.5 മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി പ്രതീക്ഷിക്കപ്പെടുന്നത്. ഈ രണ്ട് ക്ലബുകളെ കൂടാതെ വോൾവ്‌സും എവെർട്ടനും താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2014-ലായിരുന്നു മൊണോക്കോയിൽ നിന്ന് താരം റയലിൽ എത്തിയത്. വേൾഡ്കപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത താരത്തെ റയൽ സാന്റിയാഗോ ബെർണാബുവിൽ എത്തിച്ചെങ്കിലും താരത്തിന് തിളങ്ങാനായില്ല. തുടർന്ന് താരത്തെ ബയേണിലേക്ക് അയച്ചെങ്കിലും വലിയ തോതിലുള്ള മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല. ഏതായാലും ഇരുപത്തിയെട്ടുകാരനായ താരത്തിന് റയൽ മാഡ്രിഡിൽ അധികകാലം തുടരാൻ താല്പര്യമില്ല എന്നുള്ളത് വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *