റയലിൽ നിന്നും ഹാമിഷ് റോഡ്രിഗസിനെ എവർട്ടൺ റാഞ്ചിയത് ഫ്രീ ട്രാൻസ്ഫറിൽ?

കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു റയൽ മാഡ്രിഡിന്റെ കൊളംബിയൻ സൂപ്പർ താരം ഹാമിഷ് റോഡ്രിഗസിനെ തങ്ങൾ ടീമിലെത്തിച്ചതായി എവർട്ടൺ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ട് വർഷത്തെ കരാറിലാണ് താരത്തെ എവർട്ടൺ സൈൻ ചെയ്തത്. ഇരുപത്തിയൊമ്പതുകാരനായ താരത്തിന് വേണ്ടി എവർട്ടൺ 22 മില്യൺ പൗണ്ട് റയൽ മാഡ്രിഡിന് നൽകി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നത്. എവർട്ടൺ പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് റോഡ്രിഗസിനെ എവർട്ടൺ ടീമിൽ എത്തിച്ചത്. മുമ്പ് റയലിന്റെ പരിശീലകനായിരുന്ന കാലത്ത് ആഞ്ചലോട്ടി മൊണോക്കോയിൽ നിന്നാണ് താരത്തെ റയലിൽ എത്തിച്ചിരുന്നത്. തുടർന്ന് ആഞ്ചലോട്ടി ബയേണിൽ എത്തിയപ്പോൾ റയൽ മാഡ്രിഡിൽ നിന്നും ലോണിൽ താരത്തെ ബയേൺ മ്യൂണിക്കിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് ഹാമിഷ് റയലിലേക്ക് തന്നെ തിരിച്ചെത്തിയെങ്കിലും ആഞ്ചലോട്ടി പതിവ് തെറ്റിച്ചില്ല. പരിശീലകൻ താരത്തെ എവർട്ടണിലേക്ക് എത്തിക്കുകയായിരുന്നു.

എന്നാലിപ്പോൾ മറ്റൊരു വെളിപ്പെടുത്തലുമായാണ് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ കടന്നു വന്നിരിക്കുന്നത്. ഹാമിഷ് റോഡ്രിഗസിനെ എവർട്ടൺ ടീമിൽ എത്തിച്ചിരിക്കുന്നത് ഫ്രീ ട്രാൻസ്ഫറിൽ ആണ് എന്നാണ് ഇവരുടെ വാദം. അതായത് റോഡ്രിഗസിന് വേണ്ടി റയൽ മാഡ്രിഡിന് ക്ലബ് പണമൊന്നും നൽകിയിട്ടില്ല എന്നാണ് ഇവരുടെ റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുന്നത്. താരത്തിന്റെ പേരിൽ ഇരുടീമുകളും തമ്മിൽ കാശിടപാടുകൾ ഒന്നും നടന്നിട്ടില്ല എന്നാണ് എംഡി പറയുന്നത്. താരത്തെ സ്വന്തമാക്കാൻ എവർട്ടൺ തിടുക്കം കാണിക്കുകയും റയൽ മാഡ്രിഡ്‌ താരത്തെ ഫ്രീ ആയിട്ട് വിടാൻ സമ്മതിക്കുകയും ചെയ്തിരിക്കുകയാണ് സംഭവിച്ചതെന്നുമാണ് റിപ്പോർട്ടുകൾ. റയൽ ആകെ ആവിശ്യപ്പെട്ടത് സെൽ ഓൺ പേഴ്സെന്റെജ് മാത്രമാണ്. ഈ സമ്മറിൽ എവർട്ടൺ സൈൻ ചെയ്യുന്ന മൂന്നാമത്തെ താരമാണ് റോഡ്രിഗസ്. ബ്രസീലിയൻ മിഡ്ഫീൽഡർ അലനെ നാപോളിയിൽ നിന്നും എവർട്ടൺ ടീമിൽ എത്തിച്ചിരുന്നു. 25 മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി ചിലവഴിച്ചത്. കൂടാതെ അബ്ദൗലേ ദൗകൂറിനെയും എവർട്ടൺ ടീമിൽ എത്തിച്ചിരുന്നു. 20 മില്യൺ പൗണ്ടാണ് താരത്തിന് വേണ്ടി ക്ലബ് വാട്ട്ഫോർഡിന് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!