റഫറിയെ ആക്രമിച്ച താരത്തിന് പത്തു വർഷത്തെ വിലക്കേർപ്പെടുത്തി ലണ്ടൻ എഫ്എ !

കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിന് നടന്ന ഒരു മത്സരത്തിലായിരുന്നു റഫറിയായിരുന്ന സത്യം ടോക്കി ഒരു താരത്തിന്റെ ആക്രമണത്തിനിരയായത്. മത്സരത്തിനിടെ താരത്തിന് ടോക്കി റെഡ് കാർഡ് കാണിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ താരം മൂന്നു തവണയാണ് ടോക്കിയെ മുഖത്തിടിച്ചു പരിക്കേൽപ്പിച്ചത്. കണ്ണിന് മുകളിലായി പരിക്കേറ്റ ടോക്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇംഗ്ലണ്ടിലെ വെസ്റ്റ് ലണ്ടനിൽ നടന്ന താഴെ ഡിവിഷനിലുള്ള ഒരു മത്സരത്തിലായിരുന്നു ഈ സംഭവവികാസങ്ങൾ. ഇപ്പോഴിതാ ആ ആക്രമണകാരിക്ക് മാക്സിമം ശിക്ഷ വിധിച്ചിരിക്കുകയാണ് ലണ്ടൻ എഫ്എ. ഒരു മാച്ച് ഒഫീഷ്യലിനെ ആക്രമിച്ചാൽ പത്ത് വർഷം ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ വിധ പ്രവർത്തനങ്ങളിൽ നിന്നും വിലക്കുമെന്നാണ് മാക്സിമം ശിക്ഷ. ഇത് തന്നെയാണ് ടോക്കിയെ ആക്രമിച്ച താരത്തിന് നൽകിയതും.

അതേ സമയം താരത്തിന് നൽകിയ ശിക്ഷയിൽ റഫറി സത്യം ടോക്കി സംതൃപ്തി പ്രകടിപ്പിച്ചു. ആക്രമണത്തിന് ശേഷം റഫറി നിൽക്കാൻ ഭയമായിരുന്നുവെന്ന് ഇദ്ദേഹം അറിയിച്ചിരുന്നു. ” മാക്സിമം ശിക്ഷ താരത്തിന് എഫ്എ നൽകിയതിൽ ഞാൻ സന്തോഷവാനാണ്. അഞ്ച് വർഷത്തേക്ക് മാത്രം താരത്തെ വിലക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു. പക്ഷെ ഇപ്പോൾ നൽകിയതിലും കൂടുതൽ ശിക്ഷ നൽകണമെന്നാണ് എന്റെ അഭിപ്രായം. ലൈഫ്ടൈം ബാൻ ആണ് നൽകേണ്ടിയിരുന്നത്. എഫ്എ അവരുടെ നിയമങ്ങൾ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ” ടോക്കി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ടോക്കി ആക്രമണത്തിന് ശേഷം ആദ്യമായി മറ്റൊരു മത്സരം നിയന്ത്രിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *