യൂറോ ഫൈനലിൽ പെനാൽറ്റി പാഴാക്കിയത് സാക്കക്ക് ഗുണകരമായി : ആർടെറ്റ
ഇന്നലെ പ്രീമിയർലീഗിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ആഴ്സണൽ വാട്ട്ഫോഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റുമായി ബുകയോ സാക്ക മിന്നുന്ന പ്രകടനം കാഴ്ചവച്ചു.ഒഡെഗാർഡ്,മാർട്ടിനെല്ലി എന്നിവരാണ് ആഴ്സണലിന്റെ ശേഷിച്ച ഗോളുകൾ നേടിയത്. ജയത്തോടെ ആദ്യം നാലിൽ ഇടം നേടാനും ഗണ്ണേഴ്സിന് സാധിച്ചു.
കഴിഞ്ഞ യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരെയുള്ള പെനാൽറ്റി ഷൂട്ടൗട്ടിൽ സാക്ക ഒരു പെനാൽറ്റി പാഴാക്കിയിരുന്നു.ഇതോടെ താരത്തിന് വലിയ രൂപത്തിലുള്ള വംശീയ അധിക്ഷേപങ്ങൾ നേരിടേണ്ടിവന്നിരുന്നു.പക്ഷെ പിന്നീട് ഫുട്ബോൾ ലോകമൊന്നടങ്കം അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.ഏതായാലും അന്നത്തെ ആ പിന്തുണ സാക്കയുടെ കരിയറിൽ ഒരുപാട് ഗുണം ചെയ്തു എന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ ആഴ്സണൽ പരിശീലകനായ മികേൽ ആർടെറ്റ. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 7, 2022
” അധികമാർക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു അനുഭവമായിരുന്നു കഴിഞ്ഞ സമ്മറിൽ സാക്കക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.അത് അദ്ദേഹത്തിന്റെ കരിയറിന് ഗുണം ചെയ്തിട്ടുണ്ട്. ഫുട്ബോൾ ലോകം അദ്ദേഹത്തിനെ എത്രത്തോളം സ്നേഹിക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും തെളിയിച്ചു. കിരീടങ്ങൾ നേടുന്നത് മാറ്റിനിർത്തിയാൽ,അതിൽ കൂടുതലൊന്നും ഫുട്ബോൾ ലോകത്ത് നിന്ന് ഒരാൾക്കും ലഭിക്കാനില്ല.അത് അദ്ദേഹത്തിന് വലിയൊരു പ്രചോദനം തന്നെയാണ്. ബുദ്ധിമുട്ടുള്ള സമയത്ത് സഹ താരങ്ങളും ക്ലബ്ബും ആളുകളും എത്രത്തോളം തന്നെ പിന്തുണക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി കഴിഞ്ഞു.അത് അദ്ദേഹത്തിന് ഒരു സ്പേസ് നൽകി. തന്റെ ഈ പ്രായത്തിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്. എന്താണോ താൻ ചെയ്യേണ്ടത് അത് അദ്ദേഹം ചെയ്യുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ മുൻഗണന അദ്ദേഹം നൽകുന്നത്, അത് ഫുട്ബോളിന് തന്നെയാണ് ” ഇതാണ് ആഴ്സണൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
25 പ്രീമിയർ ലീഗ് മത്സരങ്ങളാണ് താരം ഈ സീസണിൽ കളിച്ചിട്ടുള്ളത്.8 ഗോളുകളും 5 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.