യൂറോപ്യൻ ലീഗുകളിൽ കളിക്കുന്നത് സ്വപ്നമാണെന്ന് ജിങ്കൻ

ഓരോ ഇന്ത്യക്കാരന്റെയും, ഓരോ ഏഷ്യക്കാരന്റയും സ്വപ്നമാണ് യൂറോപ്യൻ ലീഗുകളിൽ പന്ത് തട്ടുകയെന്നും താനും അതാഗ്രഹിച്ചിരുന്നുവെന്നും അറിയിച്ച് ഇന്ത്യൻ താരം സന്ദേശ് ജിങ്കൻ. കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി നടത്തിയ ഇൻസ്റ്റാഗ്രാം ചാറ്റിലൂടെയാണ് തന്റെ കുട്ടികാലത്തെ സ്വപ്നത്തെ പറ്റി ജിങ്കൻ വെളിപ്പെടുത്തിയത്. ഭാവിയിൽ ഇന്ത്യൻ താരങ്ങൾ യൂറോപ്പിൽ പോയി കളിക്കുമെന്നും അതിന് ഐഎസ്എൽ ഒരുപാട് സഹായകരമാവുമെന്നും ജിങ്കൻ കൂട്ടിച്ചേർത്തു. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ശേഷം താരം ഏത് ക്ലബ്ബിലേക്ക് പോവുമെന്ന ഊഹാപോഹങ്ങൾ നിലനിൽക്കെയാണ് യൂറോപ്യൻ ലീഗുകളെ കുറിച്ച് ജിങ്കൻ സംസാരിച്ചത്. ജിങ്കൻ ഏതെങ്കിലും വിദേശക്ലബുകളിലേക്ക് ചേക്കേറുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രതിപാദിക്കുന്നത്. അത് ബലപ്പെടുത്തുന്ന രീതിയിലാണ് കഴിഞ്ഞ ദിവസം ജിങ്കൻ സംസാരിച്ചത്. ഏതെങ്കിലും ഏഷ്യൻ ക്ലബ്ബിലേക്ക് ജിങ്കൻ കൂടുമാറാനാണ് സാധ്യതയെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

” ഇന്ത്യക്കാർ മാത്രമല്ല, ഓരോ ഏഷ്യൻ കുട്ടികളും കുട്ടിക്കാലം മുതൽക്കേ യൂറോപ്യൻ ലീഗുകളിൽ കളിക്കുന്നത് സ്വപ്നം കാണുന്നവരാണ്. പ്രത്യേകിച്ച് ലാലിഗയിലും പ്രീമിയർ ലീഗിലും. പക്ഷെ അവിടേക്ക് പോവുന്നതിന് ഒരുപാട് നിയമങ്ങൾ ഉണ്ട്. ഒരുപാട് കാര്യങ്ങൾ അതിലടങ്ങിയിരിക്കുന്നു. പക്ഷെ നിങ്ങൾക്ക് അതിനുള്ള ക്വാളിറ്റി ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അവിടെ എത്തിപ്പെടാം. ഇപ്പോൾ പല കുട്ടികളും തങ്ങളെ കൊണ്ട് അത് സാധിക്കുമെന്ന് മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ഒരുപാട് താരങ്ങൾ യൂറോപ്യൻ ലീഗുകളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നുണ്ട്. ഭാവിയിൽ ഇന്ത്യൻ താരങ്ങളെ യൂറോപ്യൻ ലീഗുകളിൽ കാണാനാവും. തങ്ങളുടെ സ്വപ്നങ്ങൾ സാധ്യമാക്കാൻ പരിശ്രമം ആവശ്യമാണെന്ന് അവർ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. നമ്മുടെ മെന്റാലിറ്റിയിൽ തന്നെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒരു പത്ത് പതിനഞ്ച് വർഷത്തിനുളളിൽ ഇന്ത്യൻ താരങ്ങളെ യൂറോപ്യൻ ലീഗുകളിൽ കാണാനാവും ” സന്ദേശശ് ജിങ്കൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *