യുണൈറ്റഡ് വിടണം,ക്ലബ്ബിനോട് അനുവാദം ചോദിച്ച് ക്രിസ്റ്റ്യാനോ!

സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങളെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാൻ തന്നെ അനുവദിക്കണമെന്ന് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് അഭ്യർത്ഥിച്ചു കഴിഞ്ഞു എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ മാധ്യമമായ ദി ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ യുണൈറ്റഡിന് സാധിച്ചിരുന്നില്ല. ഇതുകൊണ്ടാണ് റൊണാൾഡോ യുണൈറ്റഡ് വിടാൻ തീരുമാനിച്ചത് എന്നാണ് ഇവരുടെ കണ്ടെത്തൽ.2003-ൽ സ്പോർട്ടിംഗ് ലിസ്ബൻ വിട്ടതിനുശേഷം ഒരൊറ്റ യുവേഫ ചാമ്പ്യൻസ് ലീഗ് സീസണിൽ പോലും റൊണാൾഡോ പങ്കെടുക്കാതിരുന്നിട്ടില്ല. അതിനുശേഷം നടന്ന 19 ചാമ്പ്യൻസ് ലീഗ് ടൂർണമെന്റുകളിലും റൊണാൾഡോ പങ്കാളിത്തം അറിയിച്ചിട്ടുണ്ട്.

ഏതായാലും യുണൈറ്റഡ് താരത്തെ പോവാൻ അനുവദിക്കുമോ എന്നുള്ളതാണ് ഇനി കണ്ടറിയേണ്ട കാര്യം.റൊണാൾഡോ യുണൈറ്റഡ് വിടുകയാണെങ്കിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത കരസ്ഥമാക്കിയ ഏതെങ്കിലും ടീമിലേക്കായിരിക്കും താരം പോവുക. റൊണാൾഡോ യുണൈറ്റഡ് വിടുമെന്നുള്ള റൂമറുകൾ ഈയിടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഏതായാലും ദി ടൈംസ് പുറത്തുവിട്ട ഈ വാർത്ത ഏതു രൂപത്തിലാണ് പുരോഗമിക്കുന്നത് എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *