യുണൈറ്റഡ് പ്രതിരോധത്തെ രക്ഷിക്കാൻ അവനെത്തുമോ? ബ്രസീലിയൻ സൂപ്പർതാരത്തെ നോട്ടമിട്ട് ക്ലബ്!

വളരെ മോശം പ്രകടനമാണ് ഇപ്പോൾ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്.ക്രിസ്റ്റൽ പാലസിനോട് എതിരില്ലാത്ത നാല് ഗോളുകൾക്ക് തോറ്റതിന് പിന്നാലെ ആഴ്സണലിനോടും യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു.പ്രീമിയർ ലീഗിൽ മാത്രമായി 16 തോൽവികൾ അവർ വഴങ്ങിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്ത് തുടരുന്ന യുണൈറ്റഡ് അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത കരസ്ഥമാക്കിയിട്ടില്ല.

മാത്രമല്ല വളരെ മോശം പ്രകടനമാണ് യുണൈറ്റഡ് ഡിഫൻസ് ഈ സീസണിൽ പുറത്തെടുക്കുന്നത്. 1971നു ശേഷം ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയ സീസണായി കൊണ്ട് ഈ സീസൺ മാറിയിരിക്കുകയാണ്. 82 ഗോളുകളാണ് എല്ലാ കോമ്പറ്റീഷനലുമായി യുണൈറ്റഡ് വഴങ്ങിയിട്ടുള്ളത്. പ്രതിരോധനിര താരങ്ങളുടെ പരിക്ക് യുണൈറ്റഡിന് വലിയ വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്തിരുന്നു.അതുകൊണ്ടുതന്നെ ഡിഫൻസ് ശക്തിപ്പെടുത്താൻ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നുണ്ട്.

യുവന്റസിന്റെ ബ്രസീലിയൻ താരമായ ഗ്ലെയ്സൺ ബ്രെമറിൽ നേരത്തെ തന്നെ താൽപര്യം പ്രകടിപ്പിച്ചവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇപ്പോൾ താരത്തെ കൈവിടാൻ യുവന്റസ് തയ്യാറായിട്ടുണ്ട്. പക്ഷേ 60 മില്യൺ യൂറോ ലഭിച്ചാൽ മാത്രമാണ് യുവന്റസ് അദ്ദേഹത്തെ നൽകുകയുള്ളൂ.2025ൽ 60 മില്യൺ യുറോക്ക് ക്ലബ്ബ് വിടാനുള്ള ഒരു ക്ലോസ് താരത്തിന്റെ കോൺട്രാക്ടിൽ ഉണ്ട്. എന്നാൽ 60 മില്യൺ ലഭിച്ചാൽ ഇപ്പോൾ തന്നെ താരത്തെ കൈവിടാം എന്ന നിലപാടിലാണ് യുവന്റസ് ഉള്ളത്. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ കൊറയ്റ ഡെല്ലോ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് വേണ്ടി ഇത്രയും തുക മുടക്കാൻ തയ്യാറാകുമോ എന്നത് വ്യക്തമല്ല.പരിക്കുകളാണ് അവർക്ക് വലിയ തലവേദന സൃഷ്ടിച്ചിട്ടുള്ളത്.അതുകൊണ്ടുതന്നെ ഡിഫൻസിലേക്ക് അവർക്ക് കൂടുതൽ ആളുകളെ ആവശ്യമുണ്ട്.ടെൻഹാഗിന്റെ ഭാവി തീരുമാനമായതിനുശേഷമായിരിക്കും ഒരു പക്ഷേ യുണൈറ്റഡ് ട്രാൻസ്ഫർ വിൻഡോകളിൽ സജീവമാവുക. 2022ലായിരുന്നു ബ്രെമർ യുവന്റസിൽ എത്തിയത്.2028 വരെ അദ്ദേഹത്തിന് കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.

ഈ സീസണിൽ ഇറ്റാലിയൻ ലീഗിലെ ഒരു മത്സരം ഒഴിച്ച് എല്ലാ മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.സസ്പെൻഷൻ മൂലമായിരുന്നു ആ മത്സരം അദ്ദേഹത്തിന് കളിക്കാൻ സാധിക്കാതെ പോയത്. ബ്രസീൽ ദേശീയ ടീമിന് വേണ്ടി മൂന്ന് മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. പക്ഷേ മികച്ച പ്രകടനം പുറത്തെടുക്കാത്തതിനാൽ അദ്ദേഹത്തിന് സ്ഥാനം നഷ്ടമാവുകയായിരുന്നു. വരുന്ന കോപ്പ അമേരിക്കക്കുള്ള സ്‌ക്വാഡ് ബ്രസീൽ പ്രഖ്യാപിച്ചപ്പോൾ പരിശീലകൻ ഡൊറിവാൽ ഈ പ്രതിരോധനിര താരത്തെ പരിഗണിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *