യുണൈറ്റഡ് ഇതിഹാസങ്ങളുടെ നിരന്തരമായ വിമർശനങ്ങൾ,പ്രതികരിച്ച് ആന്റണി!

കഴിഞ്ഞ സീസണിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രസീലിയൻ സൂപ്പർതാരമായ ആന്റണിയ വലിയ തുക നൽകിക്കൊണ്ട് ടീമിലേക്ക് എത്തിച്ചത്. എന്നാൽ അതിനോട് ഇതുവരെ നീതിപുലർത്താൻ ഈ ബ്രസീലിയൻ താരത്തിന് കഴിഞ്ഞിട്ടില്ല. ക്ലബ്ബിനുവേണ്ടി ആകെ 58 മത്സരങ്ങൾ കളിച്ച താരം എട്ടു ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്.ഈ പ്രീമിയർ ലീഗിൽ ഇതുവരെ ഒരു ഗോളോ അസിസ്റ്റോ നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല.

അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് യുണൈറ്റഡ് ഇതിഹാസങ്ങളിൽ നിന്നും എപ്പോഴും വിമർശനങ്ങൾ ഏൽക്കേണ്ടി വരാറുണ്ട്.ഗാരി നെവിൽ,പോൾ സ്ക്കോൾസ്,റിയോ ഫെർഡിനാന്റ് തുടങ്ങിയവരാണ് ആന്റണിയെ സ്ഥിരമായി വേട്ടയാടാറുള്ളത്.എന്നാൽ ഇതിനോട് ആന്റണി പ്രതികരിച്ചിട്ടുണ്ട്.ക്രിയാത്മകമായ ഒരു വിമർശനം പോലും താൻ ഇവരിൽ നിന്ന് കണ്ടിട്ടില്ല എന്നാണ് പരിഹാസരൂപേണ ആന്റണി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ ക്ലബ്ബിന്റെ ചില മുൻ താരങ്ങൾ എന്നെ നന്നായി ശല്യപ്പെടുത്തുന്നുണ്ട്. മാധ്യമങ്ങളിൽ നിന്നും അവരിൽ നിന്നും എനിക്ക് ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വരാറുണ്ട്. അവർ തങ്ങളുടെ അഭിപ്രായങ്ങൾ യുക്തിരഹിതമായാണ് പ്രകടിപ്പിക്കുന്നത്.അത് ഒരുപാട് ആരാധകരെ സ്വാധീനിക്കുന്നു.പക്ഷേ ഇവരിൽ നിന്നും ഞാൻ ക്രിയാത്മകമായ അതല്ലെങ്കിൽ യുക്തിക്ക് നിരക്കുന്ന ഒരു വിമർശനവും ഇതുവരെ കണ്ടിട്ടില്ല. ഞാൻ കളിക്കാത്തപ്പോൾ പോലും എന്നെ വിമർശിച്ചുകൊണ്ടിരിക്കുകയാണ് ഇവരുടെ ജോലി ” ഇതാണ് ആന്റണി പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ വളരെ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തെടുക്കുന്നത്.ഇതിനോടകം തന്നെ 10 തോൽവികൾ അവർക്ക് വഴങ്ങേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ പരിശീലകനും താരങ്ങൾക്കും നിരവധി വിമർശനങ്ങൾ ഏൽകേണ്ടി വരുന്നുണ്ട്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തി ചെൽസിയെ പരാജയപ്പെടുത്താൻ സാധിച്ചത് യുണൈറ്റഡിന് ആശ്വാസം നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *