യുണൈറ്റഡ് അവസാനമായി കിരീടം നേടിയതെന്ന്? അറിയേണ്ടതെല്ലാം!
ഇംഗ്ലീഷ് ഫുട്ബോളിലെ വമ്പൻമാരിലൊരാളായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫുട്ബോൾ ലോകം അടക്കി ഭരിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു.എന്നാൽ അലക്സ് ഫെർഗൂസൻ ക്ലബ് വിട്ടതോട് കൂടി യുണൈറ്റഡ് പ്രതാപകാലത്ത് നിഴലിൽ ഒതുങ്ങുകയായിരുന്നു.സമീപകാലത്ത് ഒരൊറ്റ കിരീടം പോലും നേടാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ഒരു യുണൈറ്റഡിനെയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുക.
ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനമായി കിരീടം നേടിയത് എന്നാണ് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം. ഏകദേശം അഞ്ചു വർഷങ്ങൾക്കു മുമ്പാണ് യുണൈറ്റഡ് അവസാനമായി കിരീടത്തിൽ മുത്തമിട്ടത്. കൃത്യമായി പറയുകയാണെങ്കിൽ 2017 മെയ് മാസത്തിൽ യൂറോപ്പ ലീഗിലാണ് അവസാനമായി യുണൈറ്റഡ് മുത്തമിട്ടത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അയാക്സിനെയായിരുന്നു യുണൈറ്റഡ് പരാജയപ്പെടുത്തിയത്.പോഗ്ബ,മിഖിതര്യൻ എന്നിവരായിരുന്നു യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്.ഹൊസെ മൊറിഞ്ഞോയായിരുന്നു അന്ന് യുണൈറ്റഡിന്റെ പരിശീലകൻ.യുണൈറ്റഡിന്റെ ചരിത്രത്തിലെ ആദ്യ യൂറോപ്പ ലീഗ് കിരീടമായിരുന്നു ഇത്.
— Murshid Ramankulam (@Mohamme71783726) February 17, 2022
അതിന് ശേഷം ഇതുവരെ ഒരൊറ്റ കിരീടം പോലും നേടാൻ യുണൈറ്റഡിന് സാധിച്ചിട്ടില്ല.സോൾഷെയർക്ക് കീഴിൽ ഒരു തവണ യുണൈറ്റഡ് കിരീടത്തിന്റെ തൊട്ടരികിൽ എത്തിയിരുന്നു.2021-ലെ യൂറോപ്പ ലീഗ് ഫൈനലിൽ യുണൈറ്റഡ് വിയ്യാറയലിനോട് പരാജയപ്പെട്ടതോടുകൂടി കൂടി യുണൈറ്റഡ് കിരീടം കൈവിടുകയായിരുന്നു.
ഈ സീസണിലെ യുണൈറ്റഡിന്റെ കിരീട പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചിട്ടുണ്ട്.എന്തെന്നാൽ കരബാവോ കപ്പിൽ നിന്നും എഫ്എ കപ്പിൽ നിന്നും യുണൈറ്റഡ് പുറത്തായിട്ടുണ്ട്. പ്രീമിയർ ലീഗ് കിരീടം നേടൽ ഇനി അസാധ്യമാണ്.എന്തെങ്കിലുമൊക്കെ പ്രതീക്ഷകൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് യുവേഫ ചാമ്പ്യൻസ് ലീഗിൽ മാത്രമാണ്. പക്ഷേ നിലവിലെ ഫോം പരിഗണിക്കുമ്പോൾ അതും അസാധ്യമാണ് എന്ന് തന്നെ വിലയിരുത്തേണ്ടി വരും.ഏതായാലും യുണൈറ്റഡിന്റെ ഈ കിരീട വരൾച്ചക്ക് എന്ന് വിരാമമാവുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.