യുണൈറ്റഡുമായുള്ള കരാർ പുതുക്കി പോർച്ചുഗീസ് സൂപ്പർ താരം!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് സൂപ്പർ താരമായ ബ്രൂണോ ഫെർണാണ്ടസ് ക്ലബുമായുള്ള കരാർ പുതുക്കി.2026 വരെയുള്ള കരാറിലാണ് ഇപ്പോൾ ബ്രൂണോ ഫെർണാണ്ടസ് ഒപ്പ് വെച്ചിരിക്കുന്നത്. കരാർ ഒരു വർഷത്തേക്ക് കൂടി നേടാനുള്ള ഒരു ഓപ്ഷൻ കൂടിയുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.
ഈ കരാർ പുതുക്കാനായതിലുള്ള സന്തോഷമിപ്പോൾ ബ്രൂണോ ഫെർണാണ്ടസ് പങ്കുവെച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജേഴ്സി അണിഞ്ഞു കൊണ്ട് കളിക്കാൻ കഴിയുന്നത് ഒരു പ്രിവിലേജാണ് എന്നാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
OFFICIAL: Bruno Fernandes signs a new contract with Manchester United until 2026 🔴 pic.twitter.com/jHkVNU9wYZ
— B/R Football (@brfootball) April 1, 2022
” യുണൈറ്റഡിൽ ജോയിൻ ചെയ്ത അന്ന് മുതൽ എനിക്ക് ഈ ക്ലബ്ബുമായും ആരാധകരുമായും ഒരു പ്രത്യേക ബന്ധമാണുള്ളത്. ഈ ടീമിനെ കണ്ടുകൊണ്ടാണ് ഞാൻ വളർന്നത്. ഇവിടെ കളിക്കുക എന്നുള്ള എന്റെ സ്വപ്നം യാഥാർഥ്യമായി കഴിഞ്ഞിരിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജേഴ്സി അണിയുന്നത് തന്നെ ഒരു പ്രിവിലേജാണ്. ആരാധകർ അർഹിക്കുന്നത് എന്താണോ അത് നമ്മൾ നൽകേണ്ടതുണ്ട്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി നമുക്ക് മികച്ച നിമിഷങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഏറ്റവും മികച്ചത് ഇതുവരെ പുറത്തു വന്നിട്ടില്ല ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.
2020-ലെ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് ബ്രൂണോ യുണൈറ്റഡിൽ എത്തിയത്.117 മത്സരങ്ങളിൽ നിന്ന് 49 ഗോളുകളും 39 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.