യുണൈറ്റഡിൽ ഹാപ്പിയാണോ? തുറന്ന് പറഞ്ഞ് ക്രിസ്റ്റ്യാനോ!

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മോശമല്ലാത്ത രൂപത്തിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ഈ സീസണിൽ ആകെ 30 മത്സരങ്ങൾ കളിച്ച താരം 15 ഗോളുകൾ നേടിയിട്ടുണ്ട്.ഈയിടെ വലിയൊരു ഗോൾ വരൾച്ച ക്രിസ്റ്റ്യാനോ നേരിട്ടുവെങ്കിലും അതിന് വിരാമമിടാൻ ഈ 37-കാരന് സാധിച്ചിരുന്നു.

ഏതായാലും യുണൈറ്റഡിലെ നിലവിലെ ഫോമിൽ ഹാപ്പിയാണോ എന്നുള്ള ചോദ്യം താരത്തോട് ചോദിക്കപ്പെട്ടിരുന്നു.നിലവിൽ യുണൈറ്റഡിൽ ഹാപ്പിയാണ് എന്നാണ് ക്രിസ്റ്റ്യാനോ മറുപടി നൽകിയത്. കഴിഞ്ഞ ദിവസം ഡേസ്ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ക്രിസ്റ്റ്യാനോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” 35-ആം വയസ്സിൽ നിങ്ങളൊരു പതിനെട്ടുകാരനെ പോലെയോ 25-കാരനെ പോലെയോ ആവില്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതാണ് പക്വതയും അനുഭവവും. ഉയർന്ന ലെവലിൽ തുടരാനും വിജയങ്ങൾ നേടാൻ ശ്രമിക്കുന്നതിനിടെ ചില കാര്യങ്ങൾ നിങ്ങൾക്ക് നഷ്ടമായേക്കാം. ഉയർന്ന ലെവലിൽ തുടരുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമല്ല. പക്ഷേ എന്റെ കാര്യത്തിൽ ഓരോ വർഷവും എന്റെ കണക്കുകൾ സ്വയം സംസാരിക്കാറുണ്ട്. ഞാൻ മികച്ച രൂപത്തിലാണ് ഉള്ളത് എന്നുള്ളത് ഞാൻ നിങ്ങളോട് പറയേണ്ട ആവശ്യമില്ല.കാരണം നിങ്ങളുടെ മുമ്പിൽ എന്റെ കണക്കുകളുണ്ട്. വസ്തുതകൾ എപ്പോഴും വസ്തുതകൾ തന്നെയാണ്.മറ്റുള്ളവയൊന്നും കാര്യമാക്കേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ ഞാൻ എന്റെ ഇപ്പോഴത്തെ ഫോമിൽ ഹാപ്പിയാണ്. ഞാനിപ്പോഴും ഗോളുകൾ നേടുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനേയും പോർച്ചുഗലിനെയും ഞാൻ ഇപ്പോഴും സഹായിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇതേ രൂപത്തിൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നത് ” ക്രിസ്റ്റ്യാനോ പറഞ്ഞു.

ക്രിസ്റ്റ്യാനോ യുണൈറ്റഡിൽ സന്തോഷവാനല്ലെന്നും ഈ സീസണിന് ശേഷം അദ്ദേഹം ക്ലബ് വിടുമെന്നുള്ള റൂമറുകൾ സജീവമായിരുന്നു. എന്നാൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ല എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *