യുണൈറ്റഡിൽ കളിച്ച പോലെ എന്ത് കൊണ്ട് യുവന്റസിൽ കളിച്ചില്ല? ക്രിസ്റ്റ്യാനോക്ക്‌ മുൻ താരത്തിന്റെ വിമർശനം!

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്‌ സാധിച്ചിരുന്നു. ഇരട്ടഗോളുകളായിരുന്നു റൊണാൾഡോ നേടിയിരുന്നത്. തൽഫലമായി ഒന്നിനെതിരെ നാല് ഗോളുകൾക്ക്‌ യുണൈറ്റഡ് ന്യൂകാസിലിനെ തകർക്കുകയും ചെയ്തിരുന്നു.

ഈ മത്സരത്തിൽ സെന്റർ ഫോർവേഡായിട്ടായിരുന്നു ക്രിസ്റ്റ്യാനോ കളിച്ചിരുന്നത്. ഇതിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മുൻ യുവന്റസ് താരമായ ജിയാൻകാർലോ മറോച്ചി. മാഞ്ചസ്റ്ററിൽ സെന്റർ ഫോർവേഡായി കളിക്കുന്ന റൊണാൾഡോ എന്ത്‌കൊണ്ടാണ് യുവന്റസിൽ ആ പൊസിഷനിൽ കളിക്കാൻ വിസമ്മതിച്ചത് എന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സെന്റർ ഫോർവേഡായാണ് കളിച്ചത് എന്നുള്ള കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നു.അദ്ദേഹം യുവന്റസിലായിരുന്ന സമയത്ത് ആ പൊസിഷനിൽ കളിക്കാൻ വിസമ്മതിച്ചിരുന്നു.അത് എന്ത് കൊണ്ടാണ് എന്നെനിക്ക് മനസ്സിലായിട്ടില്ല ” ഇതാണ് മറോച്ചി സ്കൈ സ്‌പോർട്സ്‌ ഇറ്റാലിയയിൽ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഈ സീസണിൽ യുവന്റസിന്റെ അവസ്ഥ പരിതാപകരമാണ്.മൂന്ന് മത്സരങ്ങളിൽ ഒരു സമനിലയും രണ്ട് തോൽവിയുമുള്ള യുവന്റസ് പോയിന്റ് ടേബിളിൽ പതിനാറാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *