യുണൈറ്റഡിന് പോച്ചെട്ടിനോ റെഡി മെയ്ഡ് : കാംബെൽ!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവിലെ പരിശീലകനായ റാൾഫ് റാഗ്നിക്ക് യഥാർത്ഥത്തിൽ ഒരു ഇടക്കാല പരിശീലകനാണ്. ഈ സീസണോട് കൂടി റാൾഫിന്റെ യുണൈറ്റഡുമായുള്ള കരാർ അവസാനിക്കും. ഈ സീസണിലെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും അദ്ദേഹത്തിന്റെ ഭാവി നിലനിൽക്കുന്നത്.
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന് ദീർഘകാലത്തേക്കുള്ള ഒരു പരിശീലകനെ ആവിശ്യമാണ്. ആ സ്ഥാനത്തേക്ക് എല്ലാം കൊണ്ടും അനുയോജ്യനായ പരിശീലകനാണ് മൗറിസിയോ പോച്ചെട്ടിനോ എന്നറിയിച്ചിരിക്കുകയാണിപ്പോൾ മുൻ ആഴ്സണൽ താരമായ കെവിൻ കാംബെൽ.യുണൈറ്റഡിന് പോച്ചെട്ടിനോ റെഡ് മെയ്ഡ് എന്ന പരാമർശമാണ് ഇദ്ദേഹം നടത്തിയത്. കാംബെല്ലിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Pochettino told he is 'ready made' for Manchester United #mufc https://t.co/3ncbWcDEw5
— Man United News (@ManUtdMEN) January 1, 2022
” ദീർഘകാലത്തേക്ക് യുണൈറ്റഡിന് ഒരുപരിശീലകനെ വേണമെങ്കിൽ അവർ പോച്ചെട്ടിനോയെ ലക്ഷ്യം വെക്കണം.അദ്ദേഹത്തിന് ടീമിനെ ഒന്നടങ്കം മെച്ചപ്പെടുത്താനും എല്ലാ മേഖലകളെയും ശക്തിപ്പെടുത്താനും സാധിക്കും. കൂടാതെ യുവതാരങ്ങളെ വളർത്തി കൊണ്ടു വരാൻ കഴിയുമെന്നുള്ളത് അദ്ദേഹം തെളിയിച്ചതാണ്.ഒരുപക്ഷെ ഫുട്ബോൾ ലോകത്ത് വേറെയും മികച്ച പരിശീലകർ ഉണ്ടായിരിക്കാം. പക്ഷേ യുവതാരങ്ങളെ വളർത്തുന്നതിലും അവരെ നന്നായി ഉപയോഗപ്പെടുത്തുന്നതിലും പോച്ചെട്ടിനോയേക്കാൾ മികച്ചതായി ആരുമില്ല.അദ്ദേഹം യുണൈറ്റഡിന് ഒരു ടൈലർ-മെയ്ഡാണ് ” ഇതാണ് കാംബെൽ പറഞ്ഞിട്ടുള്ളത്.
നിലവിൽ പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോക്ക് ക്ലബ്ബുമായി ഒരുവർഷത്തെ കരാർ കൂടി അവശേഷിക്കുന്നുണ്ട്. പ്രീമിയർ ലീഗിൽ മികവ് തെളിയിച്ച പരിശീലകനാണ് പോച്ചെട്ടിനോ. ടോട്ടൻഹാമിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിക്കാൻ ഇദ്ദേഹത്തിനു സാധിച്ചിരുന്നു.