യുണൈറ്റഡിന്റെ റെക്കോർഡ് ഇനി പഴങ്കഥ, തകർത്തത് മാഞ്ചസ്റ്റർ സിറ്റി!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ ബ്രൈറ്റണെ സ്വന്തം മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ഹൂലിയൻ ആൽവരസ്,ഏർലിംഗ് ഹാലന്റ് എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. മാഞ്ചസ്റ്റർ സിറ്റിയാണ് പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഈ വിജയത്തോടുകൂടി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു റെക്കോർഡ് തകർക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിട്ടുണ്ട്. അതായത് സ്വന്തം മൈതാനത്ത് ഒരു കലണ്ടർ വർഷത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിക്കുന്ന പ്രീമിയർ ലീഗ് ടീം എന്ന റെക്കോർഡാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി തകർത്തിട്ടുള്ളത്.ഇത്തിഹാദ് സ്റ്റേഡിയത്തിൽ എല്ലാ കോമ്പറ്റീഷനുകളിലുമായി അവസാനമായി കളിച്ച 21 മത്സരങ്ങളിലും വിജയിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.ഇതാണ് പുതിയ റെക്കോർഡായി മാറിയിരിക്കുന്നത്.
Manchester City are on the longest-ever home winning run from a Premier League side 🤯 pic.twitter.com/raWfKNEY8S
— GOAL (@goal) October 21, 2023
നേരത്തെ 2010-11 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു ഈ റെക്കോർഡ് കുറിച്ചിരുന്നത്. അന്ന് ഓൾഡ് ട്രഫോഡിൽ തുടർച്ചയായി 20 മത്സരങ്ങൾ വിജയിക്കാൻ അവർക്ക് സാധിച്ചിരുന്നു.മികച്ച ഫോമിലാണ് സമീപകാലത്ത് മാഞ്ചസ്റ്റർ സിറ്റി കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ 3 കിരീടങ്ങൾ നേടിയ അവർ ഈ സീസണിലും എല്ലാ കോമ്പറ്റീഷനുകളിലും കിരീട ഫേവറേറ്റുകളാണ്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലീപ്സിഗിനെ അവരുടെ മൈതാനത്ത് വച്ച് പരാജയപ്പെടുത്താനും സിറ്റിക്ക് സാധിച്ചിരുന്നു.
ഇനി അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യങ്ങ് ബോയ്സാണ് സിറ്റിയുടെ എതിരാളികൾ. അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളിലും വിജയിക്കാൻ സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് മത്സരത്തിനുശേഷം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഡർബിയാണ് അരങ്ങേറുക.ഓൾഡ് ട്രഫോഡിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം നടക്കുക.