യുണൈറ്റഡിനോടൊപ്പമുള്ള ആഗ്രഹങ്ങൾ എന്തൊക്കെ? വെളിപ്പെടുത്തി ബ്രൂണോ ഫെർണാണ്ടസ്!

സ്പോർട്ടിങ് ലിസ്ബണിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയതിന് ശേഷവും തകർപ്പൻ ഫോമിൽ കളിക്കുന്ന താരമാണ് ബ്രൂണോ ഫെർണാണ്ടസ്.യുണൈറ്റഡിന് വേണ്ടി ആകെ കളിച്ച 108 മത്സരങ്ങളിൽ നിന്ന് 47 ഗോളുകളും 36 അസിസ്റ്റുകളും താരം ആകെ സ്വന്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ സീസണിൽ 28 ഗോളുകളാണ് ബ്രൂണോ അടിച്ചുകൂട്ടിയത്.എന്നാൽ ഇതുവരെ യുണൈറ്റഡിനോടൊപ്പം ഒരു കിരീടം നേടാൻ താരത്തിന് സാധിച്ചിട്ടില്ല.

ഏതായാലും യുണൈറ്റഡിനോടൊപ്പമുള്ള തന്റെ ആഗ്രഹങ്ങൾ ഇപ്പോൾ ബ്രൂണോ പങ്കുവെച്ചിട്ടുണ്ട്. കിരീട നേട്ടങ്ങൾ കരസ്ഥമാക്കണമെന്നാണ് ബ്രൂണോ പറഞ്ഞിരിക്കുന്നത്.ഈ സീസണിൽ ചാമ്പ്യൻസ് ലീഗ്,എഫ് എ കപ്പ് എന്നിവ നേടാൻ ശ്രമിക്കുമെന്നും ബ്രൂണോ കൂട്ടിച്ചേർത്തിട്ടുണ്ട്. യുണൈറ്റഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രൂണോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ ആഗ്രഹങ്ങൾ ഇപ്പോഴും ഒന്ന് തന്നെയാണ്. എനിക്ക് ക്ലബ്ബിനോടൊപ്പം കിരീടങ്ങൾ നേടണം. ഞാൻ ക്ലബ്ബിൽ ഉള്ള അവസാന ദിവസം വരെ എന്റെ മനസ്സിൽ അത് മാത്രമായിരിക്കും.അത് എന്ന് സംഭവിക്കുമെന്ന് എനിക്കറിയില്ല.പക്ഷെ ഈ ക്ലബ്ബിനോടൊപ്പം കിരീടങ്ങൾ നേടാൻ എനിക്ക് കഴിയും.ഞങ്ങളും ക്ലബ്ബും ആരാധകരുമൊക്കെ അത് അർഹിക്കുന്നുണ്ട്.പതിയെ പതിയെ ഞങ്ങൾ അതിലേക്ക് നടന്നു കയറണം.പക്ഷെ ഈ സീസണിൽ പ്രീമിയർ ലീഗ് ഒരുപാട് ദൂരെയാണ്.ഞങ്ങൾ യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ട് ലീഗിൽ ആദ്യ നാലിൽ ഫിനിഷ് ചെയ്യാൻ ശ്രമിക്കണം. അതുവഴി അടുത്ത ചാംപ്യൻസ് ലീഗിന് യോഗ്യത നേടണം.കൂടാതെ ചാമ്പ്യൻസ് ലീഗിനും എഫ്എ കപ്പിനും വേണ്ടി പോരാടണം. ഇതേ കുറിച്ച് ആളുകൾ എന്തു പറയുന്നു എന്നുള്ളത് ഞാൻ കാര്യമാക്കുന്നില്ല.മറിച്ച് ആ കിരീടങ്ങൾ നേടാൻ ഞങ്ങൾക്കും അവസരമുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത് ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ പ്രതീക്ഷക്കൊത്തുയരാൻ ബ്രൂണോക്ക് കഴിഞ്ഞിട്ടില്ല. പ്രീമിയർ ലീഗിൽ ഏഴ് ഗോളുകളും 5 അസിസ്റ്റുകളുമാണ് താരം ഈ സീസണിൽ നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *