യുണൈറ്റഡിനെ നേരിടാൻ കൂട്ടീഞ്ഞോ തയ്യാർ!
ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് ബ്രസീലിയൻ സൂപ്പർ താരമായ ഫിലിപ്പെ കൂട്ടീഞ്ഞോ ബാഴ്‌സ വിട്ടു കൊണ്ട് ആസ്റ്റൺ വില്ലയിലേക്കെത്തിയത്. ആറു മാസത്തെ ലോൺ അടിസ്ഥാനത്തിലാണ് താരം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഈ സീസണിന് ശേഷം താരത്തെ വാങ്ങാനുള്ള ഓപ്ഷനും ആസ്റ്റൺ വില്ലക്ക് ലഭ്യമാണ്. 33 മില്യൺ പൗണ്ടായിരിക്കും അതിന് വേണ്ടി ആസ്റ്റൺ വില്ല ചിലവഴിക്കേണ്ടി വരിക.
ഏതായാലും ആസ്റ്റൺ വില്ലക്ക് വേണ്ടിയുള്ള കൂട്ടീഞ്ഞോയുടെ അരങ്ങേറ്റം എന്നുണ്ടാവുമെന്നാണ് ആരാധകർക്ക് അറിയേണ്ടത്. താരം വരുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ തയ്യാറാണ് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രമുഖ മാധ്യമമായ സ്കൈ സ്പോർട്സാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.ഫിലിപ്പെ കൂട്ടീഞ്ഞോ തന്റെ മെഡിക്കൽ പൂർത്തിയാക്കിയിട്ടുണ്ട്.ബുധനാഴ്ച്ച അദ്ദേഹം ടീമിനൊപ്പം പരിശീലനം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നുള്ള കാര്യം പരിശീലകനായ സ്റ്റീവൻ ജെറാർഡ് അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Philippe Coutinho has completed his #AVFC medical and will be ready to play in Saturday's Premier League match against #MUFC ✅
— Sky Sports News (@SkySportsNews) January 10, 2022
” നിലവിൽ ഇമിഗ്രേഷൻ പേപ്പറുകൾ ശരിയാക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് കൂട്ടീഞ്ഞോ ഫ്രാൻസിലാണ് ഉള്ളത്.ബുധനാഴ്ച്ച ബോഡിമൂറിൽ വെച്ച് നടക്കുന്ന പരിശീലനത്തിൽ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ഞങ്ങൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് ” ഇതാണ് സ്റ്റീവൻ ജെറാർഡ് പറഞ്ഞത്.
വരുന്ന ശനിയാഴ്ച്ചയാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ആസ്റ്റൺ വില്ലയും തമ്മിൽ ഏറ്റുമുട്ടുക. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 11 മണിക്ക് വില്ലയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. എന്നാൽ ഈ മത്സരത്തിൽ കൂട്ടീഞ്ഞോയെ കളിപ്പിക്കാൻസ്റ്റീവൻ ജെറാർഡ് തയ്യാറാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.കഴിഞ്ഞ എഫ്എ കപ്പ് മത്സരത്തിൽ ആസ്റ്റൺ വില്ല യുണൈറ്റഡിനോട് പരാജയപ്പെട്ടിരുന്നു.