യുണൈറ്റഡിനെ നിരസിച്ചത് ഇംഗ്ലീഷ് കാരണം: തുറന്ന് പറഞ്ഞ് സിദാൻ!
ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാൻ ഇതുവരെ ഒരു ക്ലബ്ബിനെ മാത്രമാണ് പരിശീലിപ്പിച്ചിട്ടുള്ളത്. റയൽ മാഡ്രിഡിനെ രണ്ട് ഘട്ടങ്ങളിലായി കൊണ്ട് അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ആ കാലയളവിനുള്ളിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്.ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡ് നേടിയത് സിദാന്റെ കീഴിലാണ്.പിന്നീട് അദ്ദേഹത്തെ കൊണ്ടുവരാൻ വേണ്ടി പല ടീമുകളും ശ്രമിച്ചിരുന്നു.എന്നാൽ അതെല്ലാം അദ്ദേഹം നിരസിക്കുകയായിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ പരിശീലക സ്ഥാനത്തേക്ക് എത്തിക്കാൻ വേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ അവരുടെ ഓഫറും സിദാൻ നിരസിക്കുകയായിരുന്നു. അതിന്റെ കാരണം ഈ പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് കൃത്യമായി സംസാരിക്കാൻ അറിയില്ല എന്നാണ് സിദാൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എനിക്ക് ഇംഗ്ലീഷ് മനസ്സിലാകും.പക്ഷേ അത് ഒഴുക്കോട് കൂടി സംസാരിക്കാൻ അറിയില്ല. ആ രാജ്യത്തെ ഭാഷ അറിയില്ലെങ്കിലും ടീമിനെ പരിശീലിപ്പിക്കുന്ന ഒരുപാട് പരിശീലകരെ എനിക്ക് അറിയാം. പക്ഷേ ഞാൻ അതിൽ നിന്നും വ്യത്യസ്തനായി കൊണ്ടാണ് വർക്ക് ചെയ്യുന്നത് ” ഇതാണ് യുണൈറ്റഡിനെ കുറിച്ച് ചോദിച്ചപ്പോൾ സിദാൻ പറഞ്ഞത്.
അതായത് ഒരു കൃത്യമായ കമ്മ്യൂണിക്കേഷൻ നടക്കില്ല എന്നുള്ളത് കൊണ്ടാണ് സിദാൻ ഇംഗ്ലീഷ് ക്ലബ്ബുകളുടെ ഓഫറുകൾ നിരസിച്ചിട്ടുള്ളത്.നിലവിൽ അദ്ദേഹം ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. ഫ്രഞ്ച് ടീം സിദാനെ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ദെഷാപ്സിന്റെ കോൺട്രാക്ട് പുതുക്കിക്കൊണ്ട് അദ്ദേഹത്തെ നിലനിർത്തുകയായിരുന്നു.എന്നാൽ നിലവിൽ മോശം പ്രകടനമാണ് ഫ്രാൻസ് നടത്തുന്നത്. അതുകൊണ്ടുതന്നെ സിദാനെ കൊണ്ടുവരണമെന്ന് ആവശ്യം ആരാധകരിൽ നിന്ന് ഉയർന്നു കേൾക്കുകയും ചെയ്യുന്നുണ്ട്.