യുണൈറ്റഡിനെതിരെയുള്ള മത്സരത്തിന് വേണ്ടി പരിശീലനം നടത്തിയത് കേവലം പത്ത് മിനുട്ട് മാത്രം : ഡിബ്രൂയിന
പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ബെയ്ലിയുടെ ഓൺ ഗോളും ബെർണാഡോ സിൽവയുടെ ഗോളുമായിരുന്നു സിറ്റിക്ക് വിജയം സമ്മാനിച്ചത്.
എന്നാൽ ഈ മത്സരത്തിന് വേണ്ടി തങ്ങൾ കേവലം പത്ത് മിനുട്ട് മാത്രമാണ് പരിശീലനം ചെയ്തത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ കെവിൻ ഡി ബ്രൂയിന. പരിശീലകനായ പെപ് ഗ്വാർഡിയോളക്ക് യുണൈറ്റഡിനെ എങ്ങനെ നേരിടണമെന്ന് അറിയില്ലായിരുന്നുവെന്നും തങ്ങൾ സാധാരണ രൂപത്തിലാണ് കളിച്ചത് എന്നുമാണ് ഡി ബ്രൂയിന അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) November 12, 2021
” മത്സരത്തിന്റെ ഒരു ദിവസം മുന്നേ സാധാരണ രൂപത്തിലുള്ള പരിശീലനം നടത്തി.പക്ഷെ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിന് മുന്നേ പെപ് പറഞ്ഞത് ഇങ്ങനെയാണ്,യുണൈറ്റഡ് എങ്ങനെയാണ് കളിക്കുക എന്നറിയില്ല, നമുക്ക് നോക്കാം എന്നായിരുന്നു. ഇതോടെ 10 മിനുട്ടിന് ശേഷം ഞങ്ങൾ പരിശീലനം നിർത്തുകയായിരുന്നു.എതിരാളികൾ എങ്ങനെയാണ് കളിക്കാൻ പോവുക എന്നുള്ളത് എപ്പോഴും പെപിന് അറിയാറുണ്ട്.പക്ഷേ ഇത്തവണ അദ്ദേഹത്തിന് അതേ കുറിച്ച് ധാരണ ഇല്ലായിരുന്നു.അത്കൊണ്ട് തന്നെ എന്ത് ചെയ്യണമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.ഞങ്ങൾ എപ്പോഴും കളിക്കുന്നത് പോലെ തന്നെയാണ് കളിച്ചത്. പക്ഷേ യുണൈറ്റഡ് ഏത് ഫോർമേഷനിൽ കളിക്കും എന്നതിനെ കുറിച്ച് പരിശീലകന് അറിവില്ലായിരുന്നു ” ഇതാണ് ഡി ബ്രൂയിന പറഞ്ഞത്.
ഇനി യുണൈറ്റഡിന്റെ അടുത്ത മത്സരം വാട്ട്ഫോർഡിനെതിരെയാണ്.സിറ്റിയാവട്ടെ എവെർട്ടണെയാണ് ഇനി നേരിടുക.