മെസ്സിയോ ക്രിസ്റ്റ്യാനോയോ? Cr7എന്ത് കൊണ്ട് യുവന്റസ് വിട്ടു? ഉത്തരങ്ങളുമായി ഖബീബ്!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്‌ തിരിച്ചെത്തിയത്. സിറ്റിയിലേക്ക് ചേക്കേറുമെന്ന് റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും താരം യുണൈറ്റഡിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഏതായാലും ക്രിസ്റ്റ്യാനോ യുവന്റസ് വിട്ടത് എന്ത് കൊണ്ടാണ് എന്നുള്ള കാര്യം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ ഖബീബ്. യുഎഫ്സി ഫൈറ്ററായ ഖബീബ് ക്രിസ്റ്റ്യാനോയുടെ ഉറ്റ സുഹൃത്താണ്. ക്രിസ്റ്റ്യാനോക്ക്‌ ഇറ്റലി മടുത്തു എന്നാണ് ഇതേകുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളത്.സ്‌പോർട് 24-നോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ കൂടുതൽ വെളിപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല.ഇറ്റലി തനിക്ക് മടുത്തുവെന്നും ഇംഗ്ലണ്ടിലേക്ക് മടങ്ങാൻ താൻ ഇഷ്ടപ്പെടുന്നു എന്നും ക്രിസ്റ്റ്യാനോ എന്നോട് പറഞ്ഞിരുന്നു.ഞാൻ ഇറ്റാലിയൻ ഫുട്ബോളിന്റെ ആരാധകനൊന്നുമല്ല. പക്ഷേ പ്രീമിയർലീഗ് അതിൽ നിന്നും വ്യത്യസ്തമാണ്. അവിടെയുള്ള എല്ലാ ടീമുകളും മികച്ചതാണ് ” ഖബീബ് പറഞ്ഞു.

അതേസമയം ക്രിസ്റ്റ്യാനോയെയും മെസ്സിയെയും ഖബീബ് താരതമ്യം ചെയ്തിട്ടുണ്ട്. ഖബീബിന്റെ അഭിപ്രായത്തിൽ ക്രിസ്റ്റ്യാനോയാണ് മികച്ച താരം. അതിന് അദ്ദേഹം വിശദീകരണവും നൽകുന്നുണ്ട്. ” കഴിഞ്ഞ 17 വർഷമായി ക്രിസ്റ്റ്യാനോ ടോപ്പിൽ നിൽക്കുന്ന താരമാണ്. 2004-ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നമ്മൾ അദ്ദേഹത്തെ കണ്ടതാണ്.ഇപ്പോഴിതാ 2021-ലും അദ്ദേഹം ഗോളുകൾ നേടി കൊണ്ടിരിക്കുന്നു. ഫുട്ബോളിന്റെ ചരിത്രത്തിൽ ക്രിസ്റ്റ്യാനോയെ പോലെയൊരു പ്രതിഭ ഇതുവരെ ഉണ്ടായിട്ടില്ല.എനിക്ക് തോന്നുന്നു മെസ്സി 12 വർഷമാണ് ടോപ്പിൽ നിന്നിട്ടുള്ളത്. ക്രിസ്റ്റ്യാനോയുടേത് 17 വർഷമാണ് ” ഇതാണ് ഖബീബ് പറഞ്ഞത്.

ഏതായാലും ആരാധകരെ പോലെ ഖബീബും ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

Leave a Reply

Your email address will not be published. Required fields are marked *