മെസ്സി,ക്രിസ്റ്റ്യാനോ എന്നിവരേക്കാൾ എത്രയോ മികച്ച കണക്കുകൾ,ഹാലന്റ് അത്ഭുതപ്പെടുത്തുന്നു!
ഈ സീസണിൽ അസാധാരണമായ പ്രകടനമാണ് എർലിംഗ് ഹാലന്റ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കാഴ്ച്ച വെക്കുന്നത്. പ്രീമിയർ ലീഗിലെ 7 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ താരം നേടിക്കഴിഞ്ഞു.മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെയുള്ള 13 ഇംഗ്ലീഷ് ക്ലബ്ബുകൾ നേടിയതിനേക്കാൾ കൂടുതൽ ഗോളുകൾ ഹാലന്റ് തനിച്ച് നേടിയിട്ടുണ്ട്. മാത്രമല്ല ഈ സീസണിൽ 9 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് ഹാലന്റ് കരസ്ഥമാക്കിയിട്ടുള്ളത്.
ഇപ്പോഴിതാ പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ ചില കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. അതായത് ഗോളടിയുടെ കാര്യത്തിൽ മെസ്സി,റൊണാൾഡോ എന്നിവരെക്കാൾ എത്രയോ മുകളിലാണ് ഹാലന്റ് നിൽക്കുന്നത് എന്നാണ് ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.മെസ്സി, റൊണാൾഡോ എന്നിവരുടെ പ്രൈം ടൈമിലെ ഫോമിനേക്കാളും മുകളിൽ ഹാലന്റിന്റെ ഇപ്പോഴത്തെ ഫോം നിലനിൽക്കുന്നുണ്ട്. നമുക്ക് അതൊന്നു പരിശോധിക്കാം.
യൂറോപ്പിലെ ടോപ് ഫൈവ് ലീഗിൽ ഹാലന്റിന് 6000 മിനിറ്റുകൾ പൂർത്തിയാക്കാൻ വേണ്ടി വന്നത് 74 മത്സരങ്ങളാണ്.അതിൽ നിന്ന് താരം 73 ഗോളുകൾ നേടുകയും ചെയ്തു. അതേസമയം മെസ്സിക്ക് 96 മത്സരങ്ങൾ വേണ്ടിവന്നു 6000 മിനിട്ടുകൾ പൂർത്തിയാക്കാൻ. 40 ഗോളുകൾ മാത്രമാണ് മെസ്സിക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. റൊണാൾഡോയുടെ കാര്യത്തിലേക്ക് വന്നാൽ 92 മത്സരങ്ങൾ ആവശ്യമായി വന്നു. എന്നാൽ 17 ഗോളുകൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) September 19, 2022
ഇനി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കാര്യത്തിലേക്ക് വരാം. ചാമ്പ്യൻസ് ലീഗിൽ ഹാലന്റ് കളിച്ച ആദ്യത്തെ 21 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതേസമയം മെസ്സിയുടെ കാര്യത്തിലേക്ക് വരുമ്പോൾ 21 മത്സരങ്ങളിൽ നിന്ന് 8 UCL ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.ആദ്യത്തെ 21 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ഗോൾ പോലും നേടാൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല.
ഇനി മൂന്നു താരങ്ങളുടെയും എഫക്റ്റീവിന്റെ ശതമാനം ഒന്ന് പരിശോധിക്കാം.ഹാലന്റിന്റെ ഏറ്റവും മികച്ച സീസൺ എന്നുള്ളത് ഈ സീസണാണ്.38 ശതമാനമാണ് താരത്തിന്റെ കാര്യക്ഷമത. അതായത് 2.6 ഷോട്ടുകളിൽ ഓരോ ഗോളുകൾ വീതം നേടാൻ താരത്തിന് കഴിയുന്നുണ്ട്. മെസ്സിയുടെയും റൊണാൾഡോയുടെ പ്രൈം ടൈം ആയിക്കൊണ്ട് തിരഞ്ഞെടുത്തിരിക്കുന്നത് 2014/15 സീസണാണ്. 22 ശതമാനമാണ് മെസ്സിയുടെ എഫക്ടീവ് എങ്കിൽ റൊണാൾഡോയുടെത് അത് 19% മാത്രമാണ്.4.5 ഷോട്ടുകൾ എടുക്കുമ്പോഴാണ് മെസ്സിക്ക് ഒരു ഗോൾ നേടാൻ സാധിക്കുന്നതെങ്കിൽ 5 ഷോട്ടുകൾ എടുക്കുമ്പോഴാണ് റൊണാൾഡോക്ക് ഒരു ഗോൾ നേടാൻ സാധിക്കുന്നത്.
ഇതൊക്കെയാണ് മുണ്ടോ ഡിപ്പോർട്ടിവോ പുറത്ത് വിട്ടിരിക്കുന്ന കണക്കുകൾ. അതായത് ഈ ഫോം ഹാലന്റ് തുടരുകയാണെങ്കിൽ മെസ്സിയുടെയും റൊണാൾഡോയുടെയും പല റെക്കോർഡുകളും തകരാൻ സാധ്യതയുണ്ട് എന്നർത്ഥം.