മൂന്ന് പെനാൽറ്റികൾ നൽകിയില്ല,VAR റഫറി ലൂട്ടൻ ഫാൻ: പ്രീമിയർ ലീഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി നോട്ടിങ്ഹാം ഫോറസ്റ്റ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നോട്ടിങ്‌ഹാമിനെ എവർടൺ പരാജയപ്പെടുത്തിയത്.ഈ തോൽവി അവർക്ക് വളരെയധികം ക്ഷീണം ചെയ്യുന്ന ഒന്നാണ്.കാരണം പ്രീമിയർ ലീഗിൽ പതിനേഴാം സ്ഥാനത്താണ് അവരിപ്പോൾ ഉള്ളത്.റെലഗേഷൻ പൊസിഷനിലുള്ള ലൂട്ടൻ ടൗണുമായി കേവലം ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് നോട്ടിങ്ഹാം ഫോറസ്റ്റിനു ഉള്ളത്. ഇനിയുള്ള മത്സരങ്ങളിൽ പിഴച്ചാൽ നോട്ടിങ്ഹാമിന് പ്രീമിയർ ലീഗിൽ നിന്ന് പുറത്ത് പോവേണ്ടി വന്നേക്കും.
എന്നാൽ എവർടണെതിരെയുള്ള മത്സരം വിവാദങ്ങളിലാണ് കലാശിച്ചിട്ടുള്ളത്. അതായത് നോട്ടിങ്ഹാം ഫോറസ്റ്റിനു ലഭിക്കേണ്ട മൂന്ന് പെനാൽറ്റികളിൽ ഒന്നുപോലും നൽകിയില്ല എന്നാണ് ഇവർ ആരോപിച്ചിട്ടുള്ളത്.ലൂട്ടനെ സഹായിക്കാൻ വേണ്ടി VAR റഫറി മനപ്പൂർവം ഈ പെനാൽറ്റികൾ നൽകാതിരുന്നതാണെന്നും നോട്ടിങ്ഹാം അറിയിച്ചിട്ടുണ്ട്.പ്രീമിയർ ലീഗിനെതിരെ അവർ പുറത്തുവിട്ട ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ്.
” വളരെ മോശം തീരുമാനങ്ങളാണ് ഇന്നലത്തെ മത്സരത്തിൽ ഉണ്ടായത്. മൂന്ന് പെനാൽറ്റികൾ ഞങ്ങൾക്ക് ലഭിക്കേണ്ടതായിരുന്നു.അത് മൂന്നും നിഷേധിക്കപ്പെട്ടു.ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.VAR റഫറി ലൂട്ടൻ ആരാധകനാണെന്ന് ഞങ്ങൾ നേരത്തെ റഫറിമാരുടെ സംഘടനയോട് പറഞ്ഞതാണ്. മത്സരത്തിന് മുന്നേ അറിയിച്ചിട്ടും ഈ റഫറിയെ മാറ്റാൻ അവർ തയ്യാറായില്ല.ഒരുപാട് തവണ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെട്ടു.ഇനി ഇത് അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ല. മറ്റുള്ള ഓപ്ഷനുകൾ ഞങ്ങൾ പരിഗണിച്ചു തുടങ്ങി ” ഇതാണ് നോട്ടിങ്‌ഹാം ഫോറസ്റ്റ് അറിയിച്ചിട്ടുള്ളത്.
പ്രീമിയർ ലീഗിൽ പലപ്പോഴും റഫറിമാരുടെ ഭാഗത്തുനിന്ന് മോശം തീരുമാനങ്ങളും വിവാദപരമായ സംഭവങ്ങളും ഉണ്ടാവാറുണ്ട്. റഫറിമാരുടെ സംഘടനയായ PGMOL ന് വലിയ വിമർശനങ്ങൾ ഇക്കാര്യത്തിൽ ഏൽക്കേണ്ടി വരുന്നുണ്ട്.ഏതായാലും കൂടുതൽ നിയമനടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിൽ തന്നെയാണ് ഈ പ്രീമിയർ ലീഗ് ക്ലബ്ബ് ഉള്ളത്.