മികച്ച താരം..മികച്ച യുവതാരം..PFA അവാർഡുകൾ പ്രഖ്യാപിച്ചു!
കഴിഞ്ഞ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. തുടർച്ചയായ നാലാം വർഷമാണ് അവർ കിരീടം കൈക്കലാക്കുന്നത്.ആഴ്സണൽ അവർക്ക് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. പക്ഷേ അവസാനത്തിൽ ആഴ്സണൽ പരാജയം രുചിക്കുകയായിരുന്നു.
ഇപ്പോഴിതാ കഴിഞ്ഞ സീസണിലെ PFA അവാർഡുകൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.ഏറ്റവും മികച്ച താരമായി കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ ഫിൽ ഫോഡനാണ്. ഇത് ആദ്യമായി കൊണ്ടാണ് ഈ പുരസ്കാരം ഫോഡൻ നേടുന്നത്. നേരത്തെ രണ്ട് തവണ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു. സഹതാരങ്ങളായ റോഡ്രി,ഏർലിംഗ് ഹാലന്റ്,ആഴ്സണൽ താരം ഒഡേഗാർഡ്, ചെൽസി താരം കോൾ പാൽമർ,ആസ്റ്റൻ വില്ല താരം ഒല്ലി വാറ്റ്കിൻസ് എന്നിവരെ പിന്തള്ളി കൊണ്ടാണ് ഫോഡൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമായി മാറിയിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനമായിരുന്നു താരം നടത്തിയത്. 27 ഗോളുകളും 12 അസിസ്റ്റുകളും ആയിരുന്നു അദ്ദേഹം സിറ്റിക്കുവേണ്ടി നേടിയിരുന്നത്. അതുകൊണ്ടുതന്നെ അർഹിച്ച പുരസ്കാരമാണ് ഇപ്പോൾ താരത്തെ തേടി എത്തിയിട്ടുള്ളത്. അതേസമയം ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് കോൾ പാൽമറാണ്. കഴിഞ്ഞ സീസണിൽ ചെൽസിക്ക് വേണ്ടി അത്ഭുതകരമായ പ്രകടനമായിരുന്നു പാൽമർ നടത്തിയിരുന്നത്. മാഞ്ചസ്റ്റർ സിറ്റി വിട്ടുകൊണ്ട് ചെൽസിയിൽ എത്തിയ താരം കഴിഞ്ഞ സീസണിൽ 22 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തമാക്കുകയായിരുന്നു. മറ്റു സൂപ്പർ താരങ്ങളായ ബുകയോ സാക്ക,കോബി മൈനൂ,അലജാൻഡ്രോ ഗർനാച്ചോ എന്നിവരെയെല്ലാം പുറകിലാക്കി കൊണ്ടാണ് പാൽമർ ഈ പുരസ്കാരം കൈകലാക്കിയിരിക്കുന്നത്.
അതേസമയം കഴിഞ്ഞ സീസണിലെ ബെസ്റ്റ് ഇലവനും ഇവർ പുറത്തുവിട്ടിരുന്നു. മാഞ്ചസ്റ്റർ സിറ്റി,ആഴ്സണൽ എന്നീ ക്ലബ്ബുകളുടെ ആധിപത്യമാണ് അതിലും കാണാൻ സാധിക്കുക. ഏതായാലും പുതിയ സീസണിന് ഇപ്പോൾ തുടക്കമായിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലുമൊക്കെ ഇപ്പോൾ വിജയിച്ചു കൊണ്ട് തുടങ്ങിയിട്ടുണ്ട്.ഇത്തവണയും കടുത്ത കിരീട പോരാട്ടം കാണാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.