മാപ്പ് വേണം,ടെൻ ഹാഗ് കട്ട കലിപ്പിൽ,സാഞ്ചോയെ ഡൈനിംഗ് ഏരിയയിൽ നിന്ന് പോലും വിലക്കി!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ ജേഡൻ സാഞ്ചോയും അവരുടെ പരിശീലകനായ എറിക് ടെൻ ഹാഗും തമ്മിൽ പ്രശ്നത്തിലാണ്.ട്രെയിനിങ് ക്യാമ്പിലെ അച്ചടക്ക ലംഘനം മൂലം അദ്ദേഹത്തെ ആർസണലിനെതിരെയുള്ള മത്സരത്തിലെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനെതിരെ പരസ്യമായി കൊണ്ടുതന്നെ സാഞ്ചോ രംഗത്ത് വന്നിരുന്നു.ടെൻ ഹാഗ് തന്നെ ബലിയാടാക്കുകയാണ് എന്നായിരുന്നു സാഞ്ചോ ഇൻസ്റ്റഗ്രാമിലൂടെ ആരോപിച്ചിരുന്നത്.

ഇത് വിവാദമായതോടുകൂടി സാഞ്ചോ ആ ഇൻസ്റ്റഗ്രാം പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ ഈ ആരോപണത്തിന്മേൽ അദ്ദേഹം ഇതുവരെ യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗിനോട് മാപ്പ് പറഞ്ഞിട്ടില്ല. പരിശീലകനാവട്ടെ ഇതുവരെ അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായിട്ടുമില്ല. അതായത് സാഞ്ചോ തന്നോട് മാപ്പ് പറയണമെന്ന് നിലപാടിലാണ് ടെൻ ഹാഗ് ഉള്ളത്. അതുകൊണ്ടുതന്നെ കാര്യങ്ങൾ സങ്കീർണ്ണമായിട്ടുണ്ട്.

സാഞ്ചോ ഇതുവരെ മാപ്പ് പറയാൻ തയ്യാറാവാത്തതിനാൽ ഫസ്റ്റ് ടീമിൽ നിന്നും അദ്ദേഹത്തെ പൂർണ്ണമായും മാറ്റി നിർത്തിയിട്ടുണ്ട്.യുണൈറ്റഡിന്റെ കാരിങ്ടൺ ട്രെയിനിങ് സെന്ററിലെ ഫസ്റ്റ് ടീമിന്റെ എല്ലാ ഏരിയകളിൽ നിന്നും അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്. ഭക്ഷണം കഴിക്കുന്ന ഡൈനിങ് ഏരിയയിൽ പോലും പ്രവേശിക്കാൻ സാഞ്ചോക്ക് അനുമതിയില്ല.അതായത് ഈ സൂപ്പർതാരത്തിന് ട്രെയിനിങ് നടത്തണമെങ്കിലും ക്ലബ്ബിൽ വെച്ച് ഭക്ഷണം കഴിക്കണമെങ്കിലും അത് അക്കാദമി താരങ്ങളോടൊപ്പമായിരിക്കും.അതിനുള്ള അനുമതി മാത്രമാണ് ഈ സൂപ്പർതാരത്തിന് ഉള്ളത്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മിററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏതായാലും സാഞ്ചോ ടെൻ ഹാഗിന്റെ നിർബന്ധത്തിന് വഴങ്ങുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. യുണൈറ്റഡിന് വേണ്ടി ആകെ 82 മത്സരങ്ങളാണ് ഈ സൂപ്പർ താരം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 12 ഗോളുകളും ആറ് അസിസ്റ്റുകളുമാണ് അദ്ദേഹം നേടിയിട്ടുള്ളത്. യുണൈറ്റഡ് അടുത്ത മത്സരങ്ങൾക്കുള്ള ടീമിലും ഇദ്ദേഹത്തിന് ഇടമുണ്ടായേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *