മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ട് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു !

പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ രണ്ട് താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചു. ക്ലബ് തന്നെയാണ് തങ്ങളുടെ ട്വിറ്റെർ അക്കൗണ്ടിലൂടെ ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. സിറ്റി താരങ്ങളായ റിയാദ് മഹ്റസ്, അയ്മെറിക്ക് ലപോർട്ടെ എന്നീ താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഇരുവരും ഒരു രോഗലക്ഷണങ്ങളും കാണിച്ചിട്ടില്ലെന്ന് സിറ്റി അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും രണ്ട് പേരും പ്രീമിയർ ലീഗിന്റെയും ഗവണ്മെന്റിന്റെയും നിയമം പാലിച്ചു കൊണ്ട് സെൽഫ് ഐസൊലേഷനിൽ പോയിട്ടുണ്ട് എന്നും അറിയിച്ചിട്ടുണ്ട്.

ഇരുതാരങ്ങളും എത്രയും പെട്ടന്ന് രോഗത്തിൽ നിന്ന് മുക്തരായി കൊണ്ട് കളത്തിലേക്ക് തിരിച്ചു വരട്ടെ എന്നും ക്ലബ് ആശംസിച്ചിട്ടുണ്ട്. സീസൺ തുടങ്ങാനിരിക്കെ യൂറോപ്പിലെ വിവിധ ക്ലബുകളിൽ വീണ്ടും കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. 2020/21 സീസൺ പ്രീമിയർ ലീഗ് സെപ്റ്റംബർ പന്ത്രണ്ടിനാണ് ആരംഭിക്കുന്നത്. എന്നാൽ സെപ്റ്റംബർ ഇരുപത്തിയൊന്നിനാണ് സിറ്റി ആദ്യമത്സരം കളിക്കുക. വോൾവ്സിനെതിരെയാണ് സിറ്റി ഇരുപത്തിയൊന്നാം തിയ്യതി ബൂട്ടണിയുക. കഴിഞ്ഞ തവണ ലിവർപൂളിന് മുമ്പിൽ അടിയറവ് വെച്ച കിരീടം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് പെപും സംഘവും.

Leave a Reply

Your email address will not be published. Required fields are marked *