മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിബന്ധനകൾ അംഗീകരിച്ച് സാഞ്ചോ,പക്ഷെ പ്രശ്നം മറ്റൊന്ന്

ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവസൂപ്പർ താരം ജേഡൻ സാഞ്ചോയെ യുണൈറ്റഡ് ക്ലബിൽ എത്തിക്കാൻ ശ്രമിക്കുന്നത് പരസ്യമായ കാര്യമാണ്. പക്ഷെ ഇതുവരെ നല്ല രീതിയിലുള്ള ഒരു ചലനം സൃഷ്ടിക്കാനോ താരം അർഹിക്കുന്ന പണം ബൊറൂസിയക്ക് വാഗ്ദാനം ചെയ്യാനോ യുണൈറ്റഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു സ്‌ട്രൈക്കറെ കൂടെ ടീമിലെത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് കൊണ്ട് യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ പുതിയവാർത്തകൾ പുറത്ത് വരുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് സാഞ്ചോയുമായി സംസാരിച്ചു എന്ന രൂപത്തിലാണ്. തങ്ങളുടെ നിബന്ധനകളെ പറ്റിയും വ്യവസ്ഥകളെ പറ്റിയും യുണൈറ്റഡ് സാഞ്ചോയുമായും സംസാരിച്ചെന്നും അത് താരം അംഗീകരിക്കുകയും ചെയ്‌തെന്നാണ് വാർത്തകൾ. ദി ട്രാൻസ്ഫർ വിൻഡോ പോഡ്കാസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

അഞ്ച് വർഷത്തെ കരാറാണ് ഓഫർ ചെയ്തിരിക്കുന്നത്.ഒരു ലക്ഷത്തിനാല്പതിനായിരം പൗണ്ട് ആണ് താരത്തിന് ഒരു ആഴ്ച്ചത്തെ വേതനമായി യുണൈറ്റഡ് ഓഫർ ചെയ്തിരിക്കുന്നത്. ഭാവിയിൽ ഇത് രണ്ട് ലക്ഷം പൗണ്ട് ആയി ഉയർത്തുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് സാഞ്ചോ അംഗീകരിച്ചതായാണ് റിപ്പോർട്ട്‌. എന്നാൽ താരത്തിന്റെ ട്രാൻസ്ഫറിലെ പ്രധാനതടസ്സം താരത്തിന്റെ വില തന്നെയാണ്. നൂറ് മില്യൺ പൗണ്ട് തികച്ച് കിട്ടാതെ താരത്തെ വിട്ടുനൽകില്ലെന്ന നിലപാടിലാണ് ബൊറൂസിയ ഡോർട്മുണ്ട്. എന്നാൽ യുണൈറ്റഡ് ആവട്ടെ ഈ വിലയുമായി ഒത്തുപോവുന്നില്ല എന്ന് മാത്രമല്ല വളരെ കുറഞ്ഞ തുക മാത്രമാണ് ഓഫർ ചെയ്തിരിക്കുന്നത്. അൻപത് മില്യൺ പൗണ്ടിൽ കൂടുതൽ താരത്തിന് വേണ്ടി തങ്ങൾ തരില്ലെന്നാണ് യുണൈറ്റഡിന്റെ നിലപാട്. താരത്തിന് വേണ്ടി നിലവിൽ വിലപേശലുകൾ നടക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം ഫലപ്രദമാവും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഏതായാലും സാഞ്ചോക്ക് ബൊറൂസിയ വിട്ട് യുണൈറ്റഡിൽ ചേരുന്നത് അതീവതാല്പര്യമുണ്ടാക്കുന്ന കാര്യമാണ്. വില മാത്രമാണ് നിലവിലെ പ്രശ്നം. താരത്തിന് രണ്ട് വർഷം കൂടി കരാർ ഡോർട്മുണ്ടിൽ അവശേഷിക്കുന്നുണ്ടെങ്കിലും ജന്മനാട്ടിലേക്ക് മടങ്ങാനുള്ള താല്പര്യം താരം അറിയിച്ചതാണ്. ഈ സീസണിലെ 32 ബുണ്ടസ്‌ലിഗ മത്സരങ്ങളിൽ നിന്ന് 17 ഗോളും 17 അസിസ്റ്റും താരം നേടി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *