മാഞ്ചസ്റ്റർ ഡെർബി ഇന്ന്,യുണൈറ്റഡിന് മുന്നറിയിപ്പുമായി ഹാലന്റ്!

ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തിയ സൂപ്പർ താരം എർലിംഗ് ഹാലന്റ് തകർപ്പൻ ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ആകെ 14 ഗോളുകൾ നേടാൻ ഈ സൂപ്പർതാരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രീമിയർ ലീഗിൽ 11 ഗോളുകൾ നേടിയ ഹാലന്റ് തന്നെയാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.

ഇന്ന് നടക്കുന്ന മാഞ്ചസ്റ്റർ ഡെർബി പോരാട്ടത്തിലും ഹാലന്റിനെ തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. താരത്തിന് യുണൈറ്റഡിനെതിരെ ഗോളടിച്ചു കൂട്ടാനാവുമോ അതല്ലെങ്കിൽ യുണൈറ്റഡ് ഡിഫൻസ് താരത്തെ പൂട്ടുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.

ഏതായാലും ഈ മത്സരത്തിനു മുന്നേ ചെറിയ ഒരു മുന്നറിയിപ്പ് ഹാലന്റ് യുണൈറ്റഡിന് നൽകി കഴിഞ്ഞിട്ടുണ്ട്. ഈ മത്സരത്തിന് താൻ തയ്യാറായി കഴിഞ്ഞുവെന്നും എല്ലാം പെർഫക്റ്റ് ആണെങ്കിൽ തന്നെ തടയാൻ കഴിയില്ല എന്നുമാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഈ മത്സരത്തെക്കുറിച്ച് കൂടുതൽ സംസാരിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മറിച്ച് എനിക്ക് ആകെ പറയാനുള്ളത് ഞാൻ തയ്യാറായിക്കഴിഞ്ഞു എന്നുള്ളത് മാത്രമാണ്. എനിക്ക് പെർഫെക്ട് ആയി ഓടാൻ കഴിയുകയാണെങ്കിൽ എന്നെ തടയാൻ ആർക്കും കഴിയില്ല എന്നുള്ള കാര്യം എനിക്ക് തന്നെ അറിയാം ” ഇതാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.

നിലവിൽ പ്രീമിയർ ലീഗിൽ മികച്ച രൂപത്തിൽ കളിച്ചുകൊണ്ടിരിക്കുന്ന രണ്ട് ടീമുകളാണ് സിറ്റിയും യുണൈറ്റഡും.സിറ്റി നിലവിൽ രണ്ടാം സ്ഥാനത്തും യുണൈറ്റഡ് ആറാം സ്ഥാനത്തുമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *