മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ ക്ലബ്ബേത്? കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു!
ഒരിക്കൽ കൂടി ഡെർബി പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ നഗരം. പ്രീമിയർ ലീഗിലാണ് ഒരിക്കൽ കൂടി സിറ്റിയും യുണൈറ്റഡും മുഖാമുഖം വരുന്നത്.ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം 10 മണിക്ക് സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിന് മുന്നേ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഒരു താരതമ്യം നടത്തിയിട്ടുണ്ട്.മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ ക്ലബ് ഏതാണ് എന്നാണ് ഇവർ പരിശോധിച്ചിട്ടുള്ളത്. നമുക്ക് അതൊന്ന് നോക്കാം.
കിരീടങ്ങളുടെ കണക്കിലേക്ക് വരുമ്പോൾ ആകെ 66 കിരീടങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയിട്ടുള്ളത്. അതേസമയം 28 കിരീടങ്ങളാണ് സിറ്റിയുടെ ഷെൽഫിലുള്ളത്.യുവേഫ ചാംപ്യൻസ് ലീഗ് കിരീടം മൂന്നു തവണ യുണൈറ്റഡ് നേടിയപ്പോൾ ഒരൊറ്റ തവണ പോലും നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിട്ടില്ല. കീരീടങ്ങളുടെ കണക്ക് ഇതാണ്.
ഇനി ആരാധകരുടെ കണക്കുകൾ നോക്കാം. കൃത്യമായ കണക്കുകൾ കണ്ടെത്തൽ ബുദ്ധിമുട്ടാണെങ്കിലും യുണൈറ്റഡിനാണ് ലോകമെമ്പാടും കൂടുതൽ ആരാധകർ ഉള്ളത് എന്നുള്ളത് വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ ആകെ 180 മില്യൺ ഫോളോവേഴ്സാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളത്.അതേസമയം സിറ്റിക്ക് 91 മില്യൺ ഫോളോവേഴ്സുമുണ്ട്. ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ ക്ലബ്ബുകളിലൊന്നായി ഫോബ്സ് മാസിക യുണൈറ്റഡിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
സ്റ്റേഡിയത്തിന്റെ കാര്യത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓൾഡ് ട്രഫോഡ് തന്നെയാണ് വലുത്.1909-ൽ നിർമ്മിച്ച ഓൾഡ് ട്രഫോഡിൽ 71,140 ആളുകളെയാണ് ഉൾക്കൊള്ളുക.2002-ലാണ് മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇതിഹാദ് നിർമ്മിച്ചത്.53,400 പേരെയാണ് ഇവിടെ ഉൾക്കൊള്ളുക.
— Murshid Ramankulam (@Mohamme71783726) March 5, 2022
ആദ്യം രൂപീകരിച്ച ക്ലബ്ബ് യുണൈറ്റഡ് തന്നെയാണ്.1878-ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് രൂപീകൃതമാവുന്നത്. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം 1880 മാഞ്ചസ്റ്റർ സിറ്റിയും രൂപം കൊണ്ടു.ഇക്കാര്യത്തിൽ ഇരുടീമുകളും ഏകദേശം സമാനമാണ്.
ഏതായാലും എല്ലാ മേഖലകളിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആധിപത്യം നമുക്ക് കാണാൻ സാധിക്കും.എന്നാൽ സമീപകാലത്ത് മാഞ്ചസ്റ്റർ സിറ്റി മുൻനിരയിലേക്ക് കടന്നു വരികയാണ്.