മത്സരം മാറ്റിവെച്ചില്ല, പ്രീമിയർ ലീഗിന് ടുഷേലിന്റെ രൂക്ഷവിമർശനം!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ ചെൽസി സമനില വഴങ്ങിയിരുന്നു. വോൾവ്‌സായിരുന്നു ചെൽസിയെ ഗോൾ രഹിത സമനിലയിൽ തളച്ചത്. കോവിഡ് മൂലം ചില പ്രധാനപ്പെട്ട താരങ്ങൾക്ക് ചെൽസി നിരയിൽ കളിക്കാൻ സാധിച്ചിരുന്നില്ല.
റൊമേലു ലുക്കാക്കു, ടിമോ വെർണർ, ഹഡ്സൺ ഒഡോയി എന്നിവർ അടങ്ങിയ ഒരുപിടി താരങ്ങൾ കോവിഡിന്റെ പിടിയിലായിരുന്നു. അത്കൊണ്ട് തന്നെ ഈ മത്സരം മാറ്റിവെക്കാൻ ചെൽസി പ്രീമിയർ ലീഗിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ പ്രീമിയർ ലീഗ് ഇതിന് തയ്യാറായില്ല. ഇതോടെ പ്രീമിയർ ലീഗിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ ചെൽസിയുടെ പരിശീലകനായ തോമസ് ടുഷേൽ. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
The Blues drew as their squad was hit hard by positive COVID cases.https://t.co/8LKwpB07cz.
— MARCA in English (@MARCAinENGLISH) December 20, 2021
” താരങ്ങളുടെ ആരോഗ്യത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ ഞങ്ങൾ വലിയൊരു റിസ്ക്കിലേക്ക് തള്ളപ്പെടുകയായിരുന്നു.ഇതൊരിക്കലും സുരക്ഷിതമായിരുന്നില്ല.അടുത്ത പരിശോധനയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടായാൽ പോലും ഞാൻ അത്ഭുതപ്പെടില്ല.ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്തവരും ഒരുമിച്ച് ഡിന്നർ കഴിച്ച് വരുമാണ്.ഞങ്ങൾക്ക് വേണ്ടവിധത്തിലുള്ള തയ്യാറെടുപ്പുകൾ നടത്താൻ കഴിഞ്ഞിട്ടില്ല. ഞാൻ വരുന്ന മത്സരങ്ങളെ കാര്യമാക്കുന്നുമില്ല, മറിച്ച് എന്റെ താരങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കും ആണ് ഞാൻ പ്രാധാന്യം കൽപ്പിക്കുന്നത്.പ്രീമിയർ ലീഗ് പറയുന്നിടത്തോളം ഞങ്ങൾ മുന്നോട്ട് പോവാൻ നിർബന്ധിതരാണ് ” ഇതാണ് ടുഷേൽ പറഞ്ഞത്.
കഴിഞ്ഞ ദിവസം മൂന്ന് മത്സരങ്ങൾ പ്രീമിയർ ലീഗിൽ പൂർത്തിയായിരുന്നു.എവെർട്ടൻ -ലെസ്റ്റർ സിറ്റി മത്സരം മാറ്റി വെക്കുകയും ചെയ്തിരുന്നു.