ബ്രൂണോയുടെയും മഗ്വയ്റുടെയും പ്രകടനം മോശമാവാൻ കാരണം ക്രിസ്റ്റ്യാനോ : വിമർശനവുമായി നെവിൽ!

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തിഗതമായി മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. എന്നാൽ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് നോക്കുമ്പോൾ യുണൈറ്റഡിന്റെ പ്രകടനം മോശമാവുകയായിരുന്നു. പ്രത്യേകിച്ച് മധ്യനിരയിലെ സൂപ്പർ താരമായ ബ്രൂണോ ഫെർണാണ്ടസിന്റെയും ക്യാപ്റ്റനായ ഹാരി മഗ്വയ്റുടെയും പ്രകടനം മോശപ്പെടുകയായിരുന്നു.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസമായിരുന്ന ഗ്യാരി നെവിൽ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവിനെയാണ്. ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം ഈ രണ്ടു താരങ്ങളിലും തങ്ങൾ താഴ്ന്നവരാണ് എന്ന അപകർഷതാ ബോധം ഉടലെടുത്തു എന്നാണ് നെവിൽ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” സീസണിന്റെ തുടക്കത്തിൽ തന്നെ ക്രിസ്റ്റ്യാനോ കവാനിയുമായി ഒരു പ്രശ്നം സൃഷ്ടിക്കുകയായിരുന്നു.യുണൈറ്റഡിന്റെ അറ്റാക്കിങ്ങിനെ നയിക്കാനായിരുന്നു കവാനി യുണൈറ്റഡിൽ തുടരാൻ തീരുമാനിച്ചത്.എന്നാൽ റൊണാൾഡോ വന്നതോടുകൂടി കവാനി ഫിനിഷാവുകയായിരുന്നു.ബ്രൂണോ ഫെർണാണ്ടസ് ഒരു ഗോഡ്ഫാദറിനെ പോലെയാണ് റൊണാൾഡോയെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതോടെ താൻ താഴ്ന്ന് നിൽക്കേണ്ടവനാണ് എന്ന അപകർഷതാബോധം അദ്ദേഹത്തിൽ ഉടലെടുത്തു.മഗ്വയ്റിന്റെ കാര്യത്തിലും അങ്ങനെയാണ്. ക്യാപ്റ്റനാണെങ്കിലും താൻ പിറകിലാണ് എന്നാണ് മഗ്വയ്ർ ധരിച്ചുവെച്ചിരിക്കുന്നത്.കഴിഞ്ഞ വർഷത്തെ മഗ്വയ്റെ അല്ല നമുക്കിപ്പോൾ കാണാനാവുക.ബ്രൂണോ ഫെർണാണ്ടസാവട്ടെ ഇപ്പോൾ ഒരു പകുതി പ്ലെയർ മാത്രമാണ്. യുവതാരങ്ങൾക്ക് എല്ലാം ഇപ്പോൾ വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട്.ഇതിന്റെയെല്ലാം ഉത്തരവാദിത്വം യഥാർത്ഥത്തിൽ എല്ലാവരും കൂടി ഏറ്റെടുക്കുകയാണ് വേണ്ടത് ” ഇതാണ് നെവിൽ പറഞ്ഞിട്ടുള്ളത്.

ഈ പ്രീമിയർലീഗിൽ 10 ഗോളുകൾ മാത്രമാണ് ബ്രൂണോ നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ 18 ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *