ബ്രസീലിൽ ഒരു മത്സരം പരാജയപ്പെട്ടാൽ വീടിന് പുറത്തിറങ്ങാൻ പോലും സാധിക്കില്ല : ആഞ്ഞടിച്ച് വില്യൻ!
2021-ലെ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ വില്യൻ ആഴ്സണൽ വിട്ടു കൊണ്ട് ബ്രസീലിയൻ ക്ലബ്ബായ കൊറിന്ത്യൻസിലേക്ക് എത്തിയത്. എന്നാൽ അവിടെ വില്യന് തിളങ്ങാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല, ആരാധകർ താരത്തിനും കുടുംബത്തിനുമെതിരെ വധഭീഷണി വരെ മുഴക്കുകയും ചെയ്തിരുന്നു. ഇതോടെ കൊറിന്ത്യൻസുമായുള്ള കരാർ ഉപേക്ഷിച്ചുകൊണ്ട് വില്യൻ പ്രീമിയർ ലീഗിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ഫുൾഹാമിന്റെ താരമാണ് വില്യൻ.
ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ച് വില്യൻ കൂടുതൽ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ പോലെ തന്നെ കൊറിന്ത്യൻസിലും താൻ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു എന്നാണ് വില്യൻ പറഞ്ഞിട്ടുള്ളത്. ബ്രസീലിൽ ഒരു മത്സരം പരാജയപ്പെട്ടാൽ വീടിന് പുറത്തിറങ്ങി നടക്കാൻ പോലുമാവില്ലെന്നും അതുകൊണ്ടാണ് താൻ ഇംഗ്ലണ്ടിലേക്ക് തന്നെ തിരിച്ചു വന്നതെന്നും വില്യൻ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Confira outros trechos da matéria: https://t.co/5rQ5goTg0k
— ge (@geglobo) September 21, 2022
” ഗോളുകളുടെയോ അസിസ്റ്റുകളുടെയോ എണ്ണം വെച്ച് മാത്രമല്ല ഒരു താരത്തിന്റെ പ്രകടനം വിലയിരുത്തേണ്ടത്. പ്രീമിയർ ലീഗിൽ കളിച്ചിരുന്ന പോലെ തന്നെ കൊറിന്ത്യൻസിലും ഞാൻ കളിച്ചിട്ടുണ്ട്.പക്ഷേ ഗോളുകളും അസിസ്റ്റുകളും ഇല്ലാത്തതിനാൽ ആരാധകർ എന്നെ ക്രൂശിലേറ്റുകയായിരുന്നു. ബ്രസീലിൽ നിങ്ങൾ ഒരു മത്സരം പരാജയപ്പെടുകയാണെങ്കിൽ വീടിന് പുറത്തിറങ്ങാൻ പോലും സാധിക്കില്ല.അതുകൊണ്ടാണ് ഞാൻ ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ടീം പരാജയപ്പെടുകയാണെങ്കിൽ ഇംഗ്ലണ്ടിൽ അത് പേഴ്സണൽ ലൈഫിനെ ബാധിക്കില്ല. പക്ഷേ ബ്രസീലിൽ അങ്ങനെയല്ല, തോൽവികൾ പേഴ്സണൽ ലൈഫിനെയും കുടുംബത്തെയും വരെ ബാധിക്കും ” ഇതാണ് വില്യൻ പറഞ്ഞിട്ടുള്ളത്.
കൊറിന്ത്യൻസിന് വേണ്ടി ആകെ 45 മത്സരങ്ങൾ കളിച്ചിട്ടുള്ള താരത്തിന് ഒരു ഗോൾ മാത്രമായിരുന്നു നേടാൻ കഴിഞ്ഞിരുന്നത്. ഇതോടെയായിരുന്നു വലിയ വിമർശനങ്ങളും അധിക്ഷേപങ്ങളും വില്ല്യന് ബ്രസീലിൽ ഏൽക്കേണ്ടി വന്നിരുന്നത്.