ബൂട്ടുകളില്ലായിരുന്നു,വീടിന് തൊട്ടപ്പുറത്ത് മയക്ക് മരുന്ന് കച്ചവടക്കാർ : ദുരിത കാലം വെളിപ്പെടുത്തി ആന്റണി!
ബ്രസീലിൽ നിന്നും ഉയർന്നുവരുന്ന ഓരോ പ്രതിഭക്കും പറയാനുണ്ടാവുക വളരെ ബുദ്ധിമുട്ടേറിയ അവസ്ഥകളെ കുറിച്ചായിരിക്കും. തികച്ചും കലുഷിതമായ സാമൂഹികാന്തരീക്ഷങ്ങളോട് പോരാടി കൊണ്ടാണ് ബ്രസീലിലെ പല താരങ്ങളും ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ എത്തിയിട്ടുള്ളത്. സൂപ്പർ താരം ആന്റണിക്കും അത്തരത്തിലുള്ള ചില കഥകൾ പറയാനുണ്ട്.
കുട്ടിക്കാലത്ത് ആന്റണി വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. കളിക്കാൻ ബൂട്ടുകൾ പോലുമില്ലാത്ത ഒരവസ്ഥ ആന്റണിക്കുണ്ടായിരുന്നു. മാത്രമല്ല സാവോ പോളോയിൽ മയക്കു മരുന്ന് കച്ചവടക്കാർ നിറഞ്ഞ ഒരു ഫവേലയിലായിരുന്നു ആന്റണി വളർന്നിരുന്നത്. തന്റെ ദുരിതകാലത്തെ വെളിപ്പെടുത്തിയത് ആന്റണി തന്നെയാണ്.ഇതേക്കുറിച്ച് അദ്ദേഹം പറയുന്ന വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 13, 2022
” ഫുട്ബോൾ കളിക്കാൻ ആവശ്യമായ ബൂട്ടുകൾ പോലും എനിക്കില്ലായിരുന്നു.സ്വന്തമായി കിടക്കാൻ ഒരു ബെഡ്റൂം ഇല്ലായിരുന്നു. ഞാൻ സോഫയിലായിരുന്നു കിടന്നുറങ്ങിയിരുന്നത്.ഫവേലയുടെ ഒത്ത നടുവിലായിരുന്നു ഞാൻ ജീവിച്ചിരുന്നത്. എന്റെ വീടിന്റെ 20 വാര അകലെ മയക്കു മരുന്ന് കച്ചവടക്കാർ ഉണ്ടായിരുന്നു.ഞങ്ങളുടെ ദുരിത ജീവിതത്തെ ഓർത്തുകൊണ്ട് ഞാനും എന്റെ സഹോദരനും സഹോദരിയുമൊക്കെ ഒരുമിച്ച് കരഞ്ഞ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. മാത്രമല്ല വെള്ളം ഞങ്ങളുടെ വീട്ടിലേക്ക് ഇരച്ചു കയറിയിരുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.ഞങ്ങൾ തന്നെ കോരി കൊണ്ട് പുറത്തേക്ക് ഒഴിക്കുകയായിരുന്നു ചെയ്തിരുന്നത്.പക്ഷേ ഇപ്പോൾ വേണമെങ്കിലും ചിരിച്ചുകൊണ്ട് അത് ചെയ്യാൻ ഞങ്ങൾ തയ്യാറാണ് ” ഇതാണ് ആന്റണി തന്റെ കുട്ടിക്കാലത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാനത്തിലായിരുന്നു ആന്റണിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് പൊന്നും വില കൊടുത്തുകൊണ്ട് സ്വന്തമാക്കിയത്. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ കണ്ടെത്താൻ ആന്റണിക്ക് കഴിഞ്ഞിരുന്നു.ഇനി യൂറോപ്പ ലീഗ് മത്സരത്തിൽ ഷെറിഫിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക.