ബാഴ്സയിൽ ക്ലിക്കായില്ല,റൊണാൾഡീഞ്ഞോയുടെ മകൻ ഇംഗ്ലണ്ടിലേക്ക് പോയി!

ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡിഞ്ഞോ 2003 ലായിരുന്നു എഫ്സി ബാഴ്സലോണയിൽ എത്തിയിരുന്നത്.പിന്നീട് അഞ്ചുവർഷക്കാലം ബാഴ്സയിൽ തുടർന്നു. 2008 ക്ലബ്ബ് വിട്ടുകൊണ്ട് AC മിലാനിലേക്ക് പോവുകയായിരുന്നു. ഇതിനിടയിൽ ഒരുതവണ ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ബാഴ്സ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവനാണ് ഈ ബ്രസീലിയൻ ഇതിഹാസം.

ലയണൽ മെസ്സിയുടെ കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹത്തെ സഹായിച്ചത് ഡീഞ്ഞോയായിരുന്നു. ഏതായാലും റൊണാൾഡീഞ്ഞോയുടെ മകനായ ജോവോ മെന്റസ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബാഴ്സലോണയിൽ എത്തിയത്.ഒരു വർഷത്തെ കരാറിലായിരുന്നു ഒപ്പു വച്ചിരുന്നത്. ബാഴ്സയുടെ റിസർവ് ടീമിനോടൊപ്പമായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്.പക്ഷേ പ്രതീക്ഷിച്ച രൂപത്തിലുള്ള പ്രകടനം പുറത്തെടുക്കാൻ ഈ താരത്തിന് കഴിഞ്ഞിരുന്നില്ല.

മുന്നേറ്റ നിരയിൽ വിങ്ങറായി കൊണ്ടാണ് മെന്റസ് കളിക്കുന്നത്.ബാഴ്സയുടെ സീനിയർ ടീമിന് വേണ്ടി കളിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല ബാഴ്സ മാനേജ്മെന്റിനെ ഇമ്പ്രസ്സ് ചെയ്യിക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇതോടെ താരത്തിന്റെ കോൺട്രാക്ട് പുതുക്കേണ്ടതില്ല എന്ന് ബാഴ്സ തീരുമാനിക്കുകയായിരുന്നു.ഇപ്പോൾ ഫ്രീ ഏജന്റായി കൊണ്ട് അദ്ദേഹം ബാഴ്സ വിട്ടിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബ്ബായ ബേൺലിയാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്.ബേൺലിയുടെ ജേഴ്‌സി പിടിച്ചുകൊണ്ട് ഏജന്റ്മാർക്കൊപ്പം നിൽക്കുന്ന ചിത്രം താരം പുറത്ത് വിട്ടിട്ടുണ്ട്. ഇതോടുകൂടിയാണ് താരം ഇനി ഇംഗ്ലണ്ടിലാണ് കളിക്കുക എന്ന് സ്ഥിരീകരിക്കപ്പെട്ടത്.

കഴിഞ്ഞതവണ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഉണ്ടായിരുന്ന ബേൺലി ഇപ്പോൾ തരം താഴ്ത്തപ്പെട്ടിട്ടുണ്ട്. ഈ സീസണിൽ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനിൽ അഥവാ ചാമ്പ്യൻഷിപ്പിലാണ് അവർ കളിക്കുക. രണ്ടു വർഷത്തെ കരാറിലാണ് മെൻഡസ് ഇവരുമായി ഒപ്പു വച്ചിട്ടുള്ളത്.ഇനി ഇംഗ്ലണ്ടിൽ പ്രതിഭ തെളിയിക്കാൻ താരത്തിന് കഴിയുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *