ബാഴ്സയിലേക്കെന്ന റൂമർ,കാത്തിരുന്ന് കാണാമെന്ന് സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർ താരം!
വരുന്ന സീസണിലേക്ക് ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവിൽ ബാഴ്സയുടെ പരിശീലകനായ സാവിയുള്ളത്. ലെവന്റോസ്ക്കി ഉൾപ്പെടെയുള്ള ഒരുപിടി സൂപ്പർതാരങ്ങളെ ബാഴ്സ ലക്ഷ്യം വെക്കുന്നുണ്ട്. മാത്രമല്ല അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിലേക്ക് ഒരു മികച്ച താരത്തെ സാവിക്ക് നിലവിൽ ആവിശ്യവുമുണ്ട്.
ഈ സ്ഥാനത്തേക്ക് സാവി ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ ബെർണാഡോ സിൽവയെയാണ്.സാവിക്ക് വളരെയധികം താല്പര്യമുള്ള ഒരു താരമാണ് സിൽവ.അത്കൊണ്ട് തന്നെ ബാഴ്സ അധികൃതർ അദ്ദേഹത്തിന്റെ ഏജന്റായ ജോർഗെ മെന്റസുമായി കൂടിക്കാഴ്ച നടത്തിയെന്നും റൂമറുകൾ വ്യാപകമാണ്.
ഏതായാലും കഴിഞ്ഞ ദിവസം സിൽവയോട് ഈ റൂമറുകളെ പറ്റി ചോദിക്കപ്പെട്ടിരുന്നു.എന്നാൽ ഇപ്പോൾ ഇതിനോട് പ്രതികരിക്കാനില്ലെന്നും ഭാവിയിൽ എന്താണ് സംഭവിക്കുക എന്നുള്ളത് കാത്തിരുന്നു കാണാമെന്നുമാണ് സിൽവ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) June 10, 2022
” നിർഭാഗ്യവശാൽ എനിക്ക് ഇപ്പോൾ ഇതിനോട് പ്രതികരിക്കാനാവില്ല. കാരണം ഞാനിപ്പോൾ ഉള്ളത് ദേശീയ ടീമിന്റെ ഡ്യൂട്ടിയിലാണ്. ബാക്കിയുള്ള മത്സരങ്ങളിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഞാനിപ്പോൾ ചെയ്യുന്നത്. നമുക്ക് ഈ മത്സരങ്ങളൊക്കെ കഴിഞ്ഞ് ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം ” ഇതാണ് ബെർനാഡോ സിൽവ പറഞ്ഞിട്ടുള്ളത്.
നിലവിൽ മിന്നുന്ന ഫോമിലാണ് സിൽവ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പോർച്ചുഗൽ രണ്ട് ഗോളുകൾക്ക് ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയപ്പോൾ ആ രണ്ട് ഗോളുകൾക്കും അസിസ്റ്റ് നൽകിയത് സിൽവയാണ്.