ബാഴ്സക്കും പിഎസ്ജിക്കും നിരാശ,ബെർണാഡോ സിൽവ കോൺട്രാക്ട് പുതുക്കി!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സൂപ്പർ താരങ്ങളിൽ ഒരാളാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർ താരമായ ബെർണാഡോ സിൽവ. അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി നിരവധി ക്ലബ്ബുകൾ രംഗത്ത് വന്നിരുന്നു.സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ, ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി, സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ എന്നിവരൊക്കെ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
ബാഴ്സയും പിഎസ്ജിയുമായിരുന്നു താരത്തിന് വേണ്ടി ഏറ്റവും കൂടുതൽ ശ്രമിച്ചിരുന്നത്. അതിൽ തന്നെ ബാഴ്സയിലേക്ക് സിൽവ എത്തുമെന്നുള്ള റൂമറുകൾ വളരെയധികം വ്യാപകമായിരുന്നു.എന്നാൽ ഈ ക്ലബ്ബുകൾക്കെല്ലാം നിരാശ പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്. അതായത് സിൽവ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള തന്റെ കോൺട്രാക്ട് പുതുക്കിയിട്ടുണ്ട്. ഇക്കാര്യം മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.
2025 വരെയായിരുന്നു സിൽവക്ക് ക്ലബ്ബുമായി കോൺട്രാക്ട് ഉണ്ടായിരുന്നത്.അത് ഒരു വർഷത്തേക്ക് നീട്ടിക്കൊണ്ട് 2026 വരെ പുതുക്കിയിട്ടുണ്ട്. കരാർ പുതുക്കാനായതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് സിൽവ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
OFFICIAL: Man City announce Bernardo Silva has signed a new deal until 2026 🇵🇹 pic.twitter.com/j3M4yJi47M
— B/R Football (@brfootball) August 23, 2023
” എനിക്ക് ഈ ക്ലബ്ബിൽ സുന്ദരമായ ആറു വർഷങ്ങൾ ചിലവഴിക്കാൻ കഴിഞ്ഞു. എന്റെ കാലാവധി ഇനിയും നീട്ടാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.കഴിഞ്ഞ സീസണിൽ 3 കിരീടങ്ങൾ നേടാൻ കഴിഞ്ഞു എന്നുള്ളത് വളരെയധികം സന്തോഷം നൽകിയ ഒരു കാര്യമാണ്. കിരീടങ്ങൾ നേടാനുള്ള ആഗ്രഹവും പാഷനും ഉള്ള ഈ ക്ലബ്ബിന്റെ ഭാഗമാകുന്നത് ആവേശഭരിതമായ ഒരു കാര്യമാണ് ” ഇതാണ് സിൽവ പറഞ്ഞിട്ടുള്ളത്.
മറ്റൊരു സൂപ്പർ താരമായ കെയ്ൽ വാക്കറുടെ കോൺട്രാക്ട് കൂടി പുതുക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ സിറ്റിയുള്ളത്. കൂടാതെ യുവ സൂപ്പർ താരമായ ജെറമി ഡോക്കുവിന്റെ സൈനിങ്ങും മാഞ്ചസ്റ്റർ സിറ്റി ഒഫീഷ്യലായി പ്രഖ്യാപിച്ചേക്കും.