ബാലൺഡി’ഓറിൽ മെസ്സിക്കും ക്രിസ്റ്റ്യാനോക്കും എന്തുകൊണ്ട് ഇതുവരെ വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല? കെയ്ൻ പറയുന്നു!

കഴിഞ്ഞ കുറെ വർഷങ്ങളായി സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന സൂപ്പർതാരമാണ് ഹാരി കെയ്ൻ. ഇംഗ്ലണ്ടിന് വേണ്ടിയും ടോട്ടൻഹാമിന് വേണ്ടിയും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഹാരി കെയ്ൻ തന്നെയാണ്. കഴിഞ്ഞ സമ്മറിൽ ഇദ്ദേഹം ടോട്ടൻഹാമിനോട് വിട പറഞ്ഞിരുന്നു. നിലവിൽ ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിന് വേണ്ടിയാണ് ഈ സൂപ്പർതാരം കളിച്ചുകൊണ്ടിരിക്കുന്നത്. ജർമ്മനിയിലും മികച്ച പ്രകടനം തുടരാൻ കെയ്നിന് സാധിക്കുന്നുണ്ട്.

എന്നാൽ ഇതുവരെ ബാലൺഡി’ഓർ പോലെയുള്ള വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർക്ക് വ്യക്തിഗത നേട്ടങ്ങളിൽ എന്തുകൊണ്ട് വെല്ലുവിളി ഉയർത്താൻ കഴിയാതെ പോയി എന്ന് ഇദ്ദേഹത്തോട് ചോദിച്ചിരുന്നു. അതിന്റെ കാരണമായി കൊണ്ട് അദ്ദേഹം പറഞ്ഞത് ടീമിനോടൊപ്പം ട്രോഫികൾ ഒന്നും ലഭിച്ചില്ല എന്നുള്ളതാണ്.കെയ്നിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“എനിക്ക് മുൻപ് ഒരുപാട് മികച്ച സീസണുകൾ ഉണ്ടായിട്ടുണ്ട്.പക്ഷേ അവസാനത്തിൽ ടീം ട്രോഫികൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ബാലൺഡി’ഓർ പോലെയുള്ള വ്യക്തിഗത അവാർഡുകൾക്ക് പരിഗണിക്കപ്പെടാറില്ല. അത് നേടണമെങ്കിൽ ടീമിനോടൊപ്പം നമ്മൾ നേട്ടങ്ങൾ കരസ്ഥമാക്കേണ്ടതുണ്ട്.അത്തരം കാര്യങ്ങൾ നേടാൻ വേണ്ടി ടീമിനെ സഹായിക്കേണ്ടതുണ്ട്. തീർച്ചയായും എന്നെ സംബന്ധിച്ചിടത്തോളം ചാമ്പ്യൻസ് ലീഗും ബുണ്ടസ്ലിഗയും യൂറോ കപ്പും മുന്നിലുണ്ട്. ഇത്തരം നേട്ടങ്ങൾ ടീമിനോടൊപ്പം സ്വന്തമാക്കിയാൽ മാത്രമാണ് വ്യക്തിഗത അവാർഡുകൾ ലഭിക്കുകയുള്ളൂ “ഇതാണ് കെയ്ൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ മികച്ച പ്രകടനമാണ് ക്ലബ്ബിനുവേണ്ടി ഈ സൂപ്പർ താരം പുറത്തെടുക്കുന്നത്. ആകെ കളിച്ച 26 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ കെയ്ൻ സ്വന്തമാക്കിയിട്ടുണ്ട്.ബുണ്ടസ് ലിഗയിൽ മാത്രം 23 ഗോളുകൾ നേടിയ താരം ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുൻപന്തിയിൽ തന്നെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *