ഫുട്ബോൾ ചരിത്രത്തിലെ ആദ്യത്തെ 1ബില്യൺ താരം ഹാലന്റായിരിക്കും : ഏജന്റ്

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർതാരം എർലിംഗ് ഹാലൻഡ് ബോറൂസിയ ഡോർട്മുണ്ട് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തിയത്. താരത്തിന് വേണ്ടി 60 മില്യൻ യൂറോയായിരുന്നു സിറ്റി ചിലവഴിച്ചിരുന്നത്. മിന്നുന്ന പ്രകടനമാണ് ക്ലബ്ബിന് വേണ്ടി ഈ സീസണിൽ താരം പുറത്തെടുക്കുന്നത്. 14 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടാൻ ഹാലന്റിന് ഇപ്പോൾ സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഏജന്റായ റഫയേല പിമേന്റ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി 1 ബില്യൺ പൗണ്ട് വില വരുന്ന താരം എർലിംഗ് ഹാലന്റായിരിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം സ്‌കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിങ്ങൾ ഹാലന്റിന്റെ ഫുട്ബോൾ മൂല്യവും,ഇമേജ് മൂല്യവും, സ്പോൺസർ മൂല്യവും ഒക്കെ പരിഗണിക്കുകയാണെങ്കിൽ തീർച്ചയായും അദ്ദേഹത്തിന്റെ ആകെ മൂല്യം ഒരു ബില്യൺ പൗണ്ട് വരും.എർലിംഗ് ഹാലണ്ടിനെ കിലിയൻ എംബപ്പേയുമായി താരതമ്യം ചെയ്യുന്നത് സാധാരണമായ ഒരു കാര്യമാണ്. നിങ്ങൾക്ക് മാർക്കറ്റിനെ കുറിച്ച് ഒരു ചെറിയ ഐഡിയ വേണം. ട്രാൻസ്ഫർ മാർക്കറ്റിൽ ആദ്യമായി ഒരു ബില്യൺ നേടുന്ന താരമായി മാറാൻ ഹാലന്റിന് കഴിയുമെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ മാഞ്ചസ്റ്റർ സിറ്റി അവന്റെ കരാർ പുതുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.അവർക്ക് അതിനെക്കുറിച്ച് ഇന്ന് ചർച്ച ചെയ്യണമെങ്കിൽ ഞങ്ങൾ ഇന്ന് തയ്യാറാണ്. അതിന് ഞങ്ങൾക്ക് സന്തോഷമേയുള്ളൂ ” ഹാലന്റിന്റെ ഏജന്റ് പറഞ്ഞു

നിലവിൽ ഫുട്ബോൾ ലോകത്ത് ഏറ്റവും വിലകൂടിയ ട്രാൻസ്ഫർ നടന്നത് ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറിന്റെ കാര്യത്തിലായിരുന്നു. 2017ൽ അദ്ദേഹത്തെ പിഎസ്ജി സ്വന്തമാക്കിയത് 222 മില്യൻ യൂറോ നൽകിക്കൊണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *