ഫുട്ബോൾ അവസാനിപ്പിച്ച് മീൻ വിൽപ്പനക്ക് പോകാൻ തീരുമാനിച്ചു,ഗ്വാർഡിയോളിന്റെ കഥ.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ സിറ്റി ക്രൊയേഷ്യൻ സൂപ്പർ താരമായ ജോസ്ക്കോ ഗ്വാർഡിയോളിനെ സ്വന്തമാക്കിയത്. വലിയ തുകയാണ് ഈ 21കാരന് വേണ്ടി മാഞ്ചസ്റ്റർ സിറ്റി ലീപ്സിഗിന് നൽകിയിരുന്നത്. ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായി കൊണ്ട് വാഴ്ത്തപ്പെടാൻ ഇപ്പോൾ തന്നെ ഗ്വാർഡിയോളിന് സാധിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ജീവിതത്തിലെ ആരുമറിയാത്ത ചില കഥകൾ പ്രമുഖ മാധ്യമമായ ഫോർ ഫോർ ടു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ക്രൊയേഷൻ ക്ലബ്ബായ ഡൈനാമോ സാഗ്രബിന്റെ യൂത്ത് ടീമിൽ ഇടം നേടാൻ ഇദ്ദേഹത്തിന് വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. ഒരുപാട് കഷ്ടപ്പെട്ടിട്ടും സ്ഥാനം ലഭിക്കാതെ വന്നതോടെ അദ്ദേഹം ഫുട്ബോൾ നിർത്താൻ തീരുമാനിച്ചു. തുടർന്ന് തന്റെ പിതാവിനോടൊപ്പം ക്രൊയേഷ്യൻ തലസ്ഥാനത്തെ ഡോലാക് മാർക്കറ്റിൽ മീൻ വിൽപ്പനക്ക് പോവാനായിരുന്നു ഈ താരം തീരുമാനിച്ചിരുന്നത്.

എന്നാൽ ഈ താരത്തെ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചത് അദ്ദേഹത്തിന്റെ തന്നെ ഒരു ഫാമിലി ഫ്രണ്ടായിരുന്നു. ശ്രമങ്ങൾ തുടരാൻ ഗ്വാർഡിയോളിനോട് അദ്ദേഹം ആവശ്യപ്പെട്ടു. കഠിനാധ്വാനവും അച്ചടക്കവും ഉണ്ടെങ്കിൽ മികച്ച ക്ലബ്ബിലേക്ക് എത്തുമെന്ന് ഗ്വാർഡിയോളിനെ ഇദ്ദേഹം പറഞ്ഞു മനസ്സിലാക്കി.അവിടെ നിന്നാണ് ഈ താരത്തിന്റെ വളർച്ച ആരംഭിച്ചത്. ഇന്നിപ്പോൾ ഗ്വാർഡിയോൾ ലോകത്തെ വിലപിടിപ്പുള്ള ഡിഫൻഡറായി മാറിയിരിക്കുന്നു.

മികച്ച ഒരു തുടക്കം തന്നെയാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിൽ ഈ സൂപ്പർതാരത്തിന് ലഭിച്ചിട്ടുള്ളത്. ക്ലബ്ബിനൊപ്പം യുവേഫ സൂപ്പർ കപ്പ് നേടാൻ ഗ്വാർഡിയോളിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല പ്രീമിയർ ലീഗിലെ ന്യൂകാസിൽ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിലും ഈ താരം മികച്ച പ്രകടനം നടത്തി. ഇനി അടുത്ത മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡാണ് മാഞ്ചസ്റ്റർ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *