ഫുട്ബോളിനെ കുറിച്ച് ഒരു ചുക്കുമറിയാത്തവർ: പരിഹസിച്ച് ടെൻ ഹാഗ്

ഈ സീസണിൽ വളരെ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തെടുക്കുന്നത്. പ്രീമിയർ ലീഗിൽ നിലവിൽ എട്ടാം സ്ഥാനത്താണ് അവരുള്ളത്.അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത അവർക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് ഒരു നാണംകെട്ട തോൽവി അവർക്ക് വഴങ്ങേണ്ടി വന്നിരുന്നു.

അതുകൊണ്ടുതന്നെ പരിശീലകനായ എറിക്ക് ടെൻ ഹാഗിനെ പുറത്താക്കണം എന്നുള്ള ആവശ്യം ആരാധകർക്കിടയിൽ വർദ്ധിക്കുകയാണ്. സോഷ്യൽ മീഡിയയിൽ കമന്റുകളിലൂടെ ഇക്കാര്യം അവർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിനോട് ടെൻ ഹാഗ് പ്രതികരിച്ചിട്ടുണ്ട്. ഫുട്ബോളിനെ കുറിച്ച് ഒന്നുമറിയാത്തവരാണ് തന്നെ പുറത്താക്കാൻ ആവശ്യപ്പെടുന്നത് എന്നാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ചില കമന്റുകൾ കണ്ടിട്ടുണ്ട്.അവർക്ക് ഫുട്ബോളിനെ കുറിച്ച് ഒന്നുമറിയില്ല,ഒരു ടീമിനെ പരിശീലിപ്പിക്കുന്നതിനെ കുറിച്ച് ഒന്നുമറിയില്ല. ഇവിടെയുള്ള പലരും പ്രശ്നങ്ങൾ മാത്രമാണ് കാണുന്നത്. അവർ ക്ഷമയോടെ കാത്തിരിക്കുകയാണ് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.

ഈ സീസണിന് ശേഷം എറിക്ക് ടെൻ ഹാഗിനെ പുറത്താക്കാനുള്ള സാധ്യതകൾ ഉറപ്പിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കരുത്തരായ ആഴ്സണലിനെയാണ് നേരിടുക. കിരീടം നഷ്ടപ്പെടാതിരിക്കാൻ ഇന്നത്തെ മത്സരത്തിൽ ആഴ്സണലിന് വിജയിച്ചേ മതിയാകൂ.അത് യുണൈറ്റഡിന് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലാക്കും. അവസാനമായി കളിച്ച 5 മത്സരങ്ങളിൽ കേവലം ഒരെണ്ണത്തിൽ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിട്ടുള്ളത്. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകും.

Leave a Reply

Your email address will not be published. Required fields are marked *