പ്രീമിയർ ലീഗ് ചെറിയ കളിയല്ല: അമ്രബാത്തിന് റിയോയുടെ മുന്നറിയിപ്പ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ ഏറ്റവും അവസാനത്തിൽ ഒരു കിടിലൻ സൈനിങ്ങ് പൂർത്തിയാക്കിയിരുന്നു. മൊറോക്കോയുടെ മധ്യനിര സൂപ്പർതാരമായ സോഫിയാൻ അമ്രബാത്തിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ഫിയോറെന്റിനയിൽ നിന്നും അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിട്ടുള്ളത്. 25 മില്യൺ യൂറോ നൽകിയാൽ അടുത്ത സമ്മറിൽ അദ്ദേഹത്തെ പെർമനന്റ് ആക്കാനുള്ള ഓപ്ഷനുമുണ്ട്.

പ്രീമിയർ ലീഗിൽ കളിച്ചു പരിചയമില്ലാത്ത താരമാണ് അമ്രബാത്ത്.അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാന്റ് താരത്തിന് ചില മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പ്രീമിയർ ലീഗിലെ മത്സരങ്ങൾക്ക് വേഗത കൂടുതലാണെന്നും എത്രയും പെട്ടെന്ന് അഡാപ്റ്റാവണമെന്നുമാണ് റിയോ പറഞ്ഞിട്ടുള്ളത്. വേണമെങ്കിൽ കാസമിറോയുടെ സഹായം തേടാമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.റിയോയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“അമ്രബാത്ത് വളരെ വേഗത്തിൽ അഡാപ്റ്റാവുകയാണെങ്കിൽ അതാണ് ഏറ്റവും നല്ലത്.പ്രീമിയർ ലീഗ് ഇറ്റാലിയൻ ലീഗിനെ പോലെയല്ല,ഇവിടെ വേഗത കൂടുതലാണ്.ഇന്റർനാഷണൽ ഫുട്ബോളിൽ വളരെ മികച്ച രൂപത്തിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ സാമാന്യബോധത്തോട് കൂടിയും ശ്രദ്ധയോടുകൂടിയും അദ്ദേഹം കളിക്കുമെന്ന് പ്രതീക്ഷിക്കാം. എനിക്ക് തോന്നുന്നത് കാസമിറോയെ പോലെയുള്ള ആർക്കെങ്കിലും അദ്ദേഹത്തെ സഹായിക്കാം എന്നാണ്. അദ്ദേഹത്തിന് ശരിയായ ദിശ ചൂണ്ടിക്കാണിക്കാൻ കാസമിറോക്ക് സാധിച്ചേക്കും ” ഇതാണ് റിയോ ഫെർഡിനാന്റ് പറഞ്ഞിട്ടുള്ളത്.

27 കാരനായ ഈ മിഡ്ഫീൽഡർ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. അതിന് പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ പരിഗണിച്ചു തുടങ്ങിയത്. കഴിഞ്ഞ സീസണിൽ ഫിയോറെന്റിനക്ക് വേണ്ടി ആകെ 49 മത്സരങ്ങൾ കളിക്കാൻ അമ്രബാത്തിന് സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ വരവ് യുണൈറ്റഡ് ഡിഫൻസിനാണ് കൂടുതൽ ശക്തി നൽകുക.

Leave a Reply

Your email address will not be published. Required fields are marked *