പ്രീമിയർ ലീഗ് ക്ലബ്ബിനെതിരെ കോടതിയിൽ കേസ് നൽകി ആഞ്ചലോട്ടി!

റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി അടുത്ത സീസണിലും ക്ലബ്ബിൽ തന്നെ തുടരും. 2024 വരെയുള്ള കോൺട്രാക്ട് പൂർത്തിയാക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ബ്രസീൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം അദ്ദേഹം നിരസിച്ചിരുന്നു. 2021ൽ ആയിരുന്നു എവെർടണിൽ നിന്നും ആഞ്ചലോട്ടി റയൽ മാഡ്രിഡിൽ എത്തിയിരുന്നത്.

2019ൽ നാപ്പോളിയിൽ നിന്നും എവെർട്ടണിൽ എത്തിയ ആഞ്ചലോട്ടി രണ്ടു വർഷക്കാലമാണ് ഈ പ്രീമിയർ ലീഗ് ക്ലബ്ബിൽ ചിലവഴിച്ചത്. അതിനുശേഷമാണ് റയലിൽ എത്തിയത്. എന്നാൽ കരാർ പ്രകാരമുള്ള പണം ഇനിയും ഈ പരിശീലകന് ലഭിക്കാനുണ്ട്.കാർലോ ആഞ്ചലോട്ടിയുടെ സാലറി ഇതുവരെ മുഴുവനായും നൽകാൻ എവെർടണ് സാധിച്ചിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോർട്ട് പ്രമുഖ ഫുട്ബോൾ മാധ്യമമായഗോൾ ഡോട്ട് കോം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ഈ ബാക്കിയുള്ള തുക ലഭിക്കാൻ വേണ്ടി ആഞ്ചലോട്ടി കോടതിയെ സമീപിച്ചിട്ടുണ്ട്. ലണ്ടനിലെ കോടതിയിലാണ് ആഞ്ചലോട്ടി കേസ് ഫയൽ ചെയ്തിട്ടുള്ളത്. അധികം വൈകാതെ തന്നെ ഈ കേസ് പരിഗണിച്ചേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

നിലവിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എവെർടൺ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അവരുടെ ചെയർമാനെയും ബോർഡ് അംഗങ്ങളെയും അവർക്ക് നഷ്ടമായിട്ടുണ്ട്. സ്റ്റേഡിയം പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് നിരവധി സാമ്പത്തിക പ്രശ്നങ്ങൾ ക്ലബ്ബിനകത്ത് ഉടലെടുക്കുകയായിരുന്നു. മാത്രമല്ല കഴിഞ്ഞ പ്രീമിയർ ലീഗിൽ പതിനേഴാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. അതായത് റെലഗേഷനിൽ നിന്നും തല നാരിഴക്കാണ് അവർ രക്ഷപ്പെട്ടിട്ടുള്ളത്.ഏതായാലും ഈ പ്രതിസന്ധികൾക്ക് മധ്യത്തിൽ നിൽക്കെയാണ് ആഞ്ചലോട്ടിയുടെ ഈ കേസും കൂടി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!